ബോറിസ് ജോണ്‍സന്റെ 'ഹരിത വിപ്ലവം' 2030 ഓടെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ അപ്രത്യക്ഷമാകും

ഹരിത വിപ്ലവത്തിന്റെ ഭാഗമായി 2030 ഓടെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനൊരുങ്ങി ബ്രിട്ടണ്‍. ഇതോടു കൂടി രണ്ടര ലക്ഷത്തോളം പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അന്തരീക്ഷത്തിലേയ്ക്ക് പുറന്തള്ളപ്പെടുന്ന കാര്‍ബണിന്റെ അളവ് പൂജ്യത്തത്തിലേയ്ക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തലാക്കുന്നതോടെ ഹൈബ്രിഡ് വാഹനങ്ങള്‍ അനുവദിക്കുകയും ചെയ്യും. ഇതോടെ കാലാവസ്ഥാ വ്യതിയാനമടക്കമുള്ള വെല്ലുവിളികളെ നേരിടാന്‍ കഴിയുമെന്നും അദ്ദേഹം ഫിനാന്‍ഷ്യല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
രാജ്യത്തെ ഹരിത വ്യാവസായിക വിപ്ലവത്തിന്റെ ഭാഗമായി 2040ഓടെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് 2035 ലേയ്ക്കും ഇപ്പോള്‍ 2030 ലേയ്ക്കും മാറ്റുകയായിരുന്നു. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് മാറാന്‍ തയ്യാറെടുക്കുകയാണ് ലോക രാജ്യങ്ങള്‍.
https://www.facebook.com/Malayalivartha

























