ബിജെപിക്കെതിരെ കോണ്‍ഗ്രസ് ക്രിയാത്മക പ്രതിപക്ഷമല്ല; കനത്ത തിരിച്ചടികള്‍ നേരിട്ടിട്ടും ആത്മപരിശോധന നടത്താന്‍ പോലും പാര്‍ട്ടി തയ്യാറാകുന്നില്ലെന്ന് കപില്‍ സിബല്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ബിജെപിക്കെതിരെ കോണ്‍ഗ്രസ് ക്രിയാത്മക പ്രതിപക്ഷമല്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഹാര്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി കോണ്‍ഗ്രസ് നേരിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും നേതൃത്വത്തിലെ പിഴവുകളെ വമര്‍ശിച്ച് കപില്‍ സിബല്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കനത്ത തിരിച്ചടികള്‍ നേരിട്ടിട്ടും ആത്മപരിശോധന നടത്താന്‍ പോലും പാര്‍ട്ടി തയ്യാറാകുന്നില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. എന്തു കൊണ്ടാണ് തിരിച്ചടികള്‍ ഉണ്ടാകുന്നത് എന്ന് പോലും കോണ്‍ഗ്രസ് പരിശോധിക്കുന്നില്ല. ഒന്നര വര്‍ഷമായി മുഴുവന്‍ സമയ അധ്യക്ഷന്‍ പോലും ഇല്ലാത്ത പാര്‍ട്ടിക്ക് എങ്ങനെ ക്രിയാത്മക പ്രതിപക്ഷമാകാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
നിങ്ങളുടെ പാര്‍ട്ടിക്ക് എന്തുപറ്റിയെന്ന ചോദ്യം ജനങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും അവരുടെ വികാരം മനസ്സിലാക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും കപില്‍ സിബല്‍ പറഞ്ഞു. അതേസമയം ഗാന്ധി കുടുംബത്തിനെതിരായി തന്റെ എതിര്‍പ്പ് രേഖപ്പെടുത്തുകയല്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി.
"നേതൃമാറ്റത്തെ കുറിച്ച് പ്രതികരിക്കേണ്ടത് നേതൃത്വമാണ് ഇത് വ്യക്തിയെ സംബന്ധിച്ച കാര്യമല്ല, മറിച്ച് രാജ്യത്തെയും ജനാധിപത്യത്തേയും രാഷ്ട്രീയ വാഴ്ചയില്‍നിന്നു രക്ഷിക്കുന്നത് സംബന്ധിച്ചുളളതാണ്. എന്റെ രാജ്യത്തോടാണ് എനിക്ക് കൂറ്, വ്യക്തിയോടല്ല. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നത് വരെ ഞാന്‍ ചോദ്യമുയര്‍ത്തിക്കൊണ്ടിരിക്കും." കപില്‍ സിബല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha