മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിന്‍ഹ് ദിസാലെയ്ക്ക് ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള 7.2 കോടി രൂപയുടെ അവാര്‍ഡ്

140 രാജ്യങ്ങളില്‍ നിന്നുള്ള 12,000 നാമനിര്‍ദേശങ്ങളില്‍ നിന്നും ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള 7.2 കോടി രൂപയുടെ അവാര്‍ഡ് മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിന്‍ഹ് ദിസാലെ (32) സ്വന്തമാക്കി.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു നല്‍കിയ സംഭാവനകളും പാഠപുസ്തകങ്ങളില്‍ ക്യുആര്‍ കോഡ് സംവിധാനം അവതരിപ്പിച്ചതുമാണ് സോലാപുര്‍ പരിതേവാഡി ഗ്രാമത്തില്‍ നിന്നുള്ള ദിസാലെയെ 10 ലക്ഷം ഡോളറിന്റെ വര്‍ക്കി ഫൗണ്ടേഷന്‍ ഗ്ലോബല്‍ പ്രൈസിന് അര്‍ഹനാക്കിയത്.
2014-ലാണു ദിസാലെ തികച്ചും ശോചനീയാവസ്ഥയിലായിരുന്ന പരിതേവാഡി ജില്ലാ പരിഷത്ത് പ്രൈമറി സ്‌കൂളില്‍ എത്തിയത്. വിദ്യാര്‍ഥികള്‍ കുറവായിരുന്നു. ഗ്രാമത്തില്‍ ബാലവിവാഹവും പതിവ്. ദിസാലെയുടെ ശ്രമം മൂലം ഇന്ന് നാട്ടിലെ എല്ലാ പെണ്‍കുട്ടികളും സ്‌കൂളില്‍ പോകുന്നു. ബാലവിവാഹവും അവസാനിച്ചു.
ക്യുആര്‍ കോഡ് വഴി പാഠങ്ങളുടെ ഓഡിയോകളും വിഡിയോകളും ലഭ്യമാക്കുന്ന രീതി മഹാരാഷ്ട്രയില്‍ ആദ്യമായി പരീക്ഷിച്ചത് അദ്ദേഹമാണ്. 2017-ല്‍ വിദ്യാഭ്യാസ മന്ത്രാലയം പദ്ധതി ഏറ്റെടുത്തു.
രാജ്യാന്തര വിദ്യാഭ്യാസ സംരംഭകനായ ജെംസ് എജ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി സ്ഥാപിച്ച വര്‍ക്കി ഫൗണ്ടേഷനാണ് 2014 മുതല്‍ അവാര്‍ഡ് നല്‍കുന്നത്. പത്തനംതിട്ട റാന്നിയിലാണു സണ്ണി വര്‍ക്കിയുടെ കുടുംബവേരുകള്‍.
സമ്മാന പ്രഖ്യാപന വേദിയില്‍ തന്നെ, ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള 7.2 കോടി രൂപയുടെ അവാര്‍ഡ് എന്തുകൊണ്ടാണു തനിക്കു കിട്ടിയതെന്ന് ദിസാലെ തെളിയിച്ചു. തുകയുടെ പകുതി തനിക്കൊപ്പം ഫൈനലില്‍ എത്തിയ 9 പേര്‍ക്കുമായി നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha






















