മോദിക്ക് വേണ്ടി വന്‍ അന്താരാഷ്ട്ര മാധ്യമ ശൃംഖല; കേന്ദ്രസര്‍ക്കാരിന് വേണ്ടി ഇവര്‍ യുറോപ്യന്‍ യൂണിയനെയും ഐക്യരാഷ്ട്ര സംഘടനയെയും സ്വാധീനിക്കുന്നു; പിന്നില്‍ എ.എന്‍.ഐയും ശ്രീവാസ്തവ ഗ്രൂപ്പും; കണ്ടെത്തലുമായി ഇ.യു. ഡിസിന്‍ഫൊലാബ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി സര്‍ക്കാരിനെയും പിന്തുണക്കുന്നവരാണ് ഭൂരിഭാഗം ദേശീയമാധ്യമങ്ങളും. അതെല്ലാം പരസ്യമായ രഹസ്യമാണ്. എന്നാല്‍ രാജ്യാന്തര എജന്‍സികളെ സ്വാധീനിക്കാന്‍ പോകുന്ന അന്താരാഷ്ട്ര വാര്‍ത്ത ശ്യംഖലയും ബി.ജെ.പിക്കുണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്. യൂറോപ്യന്‍ യൂണിയനെയും ഐക്യരാഷ്ട്ര സംഘടനയെയും സ്വാധീനിച്ച് ഇന്ത്യന്‍ ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഈ ശൃംഖലയുടെ ലക്ഷ്യം. ബല്‍ജിയത്തിലെ ബ്രസ്സല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുറോപ്യന്‍ യൂണിയന്‍ ഡിസിന്‍ഫൊലാബ് ആണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ വീഡിയോ വാര്‍ത്താ ഏജന്‍സിയായ ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷനലും (എ.എന്‍.ഐ.) സ്വകാര്യ വ്യവസായ സ്ഥാപനമായ ശ്രീവാസ്തവ ഗ്രൂപ്പുമാണ് ഈ സംവിധാനത്തിന് പിന്നിലെന്ന് ഡിസിന്‍ഫൊലാബ് വെളിപ്പെടുത്തിയതായി കാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ക്രോണിക്കിള്‍സ് എന്നാണ് ഈ അന്വേഷണ റിപ്പോര്‍ട്ടിന് ഡിസിന്‍ഫൊലാബ് പേരിട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 370-ാം വകുപ്പ് നിര്‍വ്വീര്യമാക്കിയ ശേഷം കാശ്മീരിലേക്ക് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ വലതുപക്ഷ എം.പിമാരെ കൊണ്ടുവരുന്നതില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചത് ശ്രിവാസ്തവ ഗ്രൂപ്പാണ്. കഴിഞ്ഞ ഒരു വര്‍ഷമായി നടത്തുന്ന അന്വേഷണത്തിനൊടുവില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഡിസിന്‍ഫൊലാബ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ തുറന്നുകാട്ടിയിട്ടുള്ളതില്‍ ഏറ്റവും വലിയ ശൃംഖലയാണിതെന്ന് യൂറോപ്യന്‍ യൂണിയന്‍(ഇ.യു.) ഡിസിന്‍ഫൊലാബ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ അലഫിലിപ്പ് പറഞ്ഞു.
2016-ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഏജന്‍സികള്‍ നടത്തിയ ഇടപെടലിനോട് തുലനം ചെയ്യാവുന്ന പ്രവര്‍ത്തനമാണിതെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മുഖ്യമായും യൂറോപ്യന്‍ പാര്‍ലമെന്റിലെ എം.പിമാരെക്കൊണ്ട് ഇന്ത്യന്‍ ഭരണകൂടത്തിനനുകൂലമായ ഇടപെടലുകള്‍ നടത്തിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു ഈ സംവിധാനം ചെയ്തുകൊണ്ടിരുന്നത്. ഇത്തരത്തിലുള്ള ഇടപെടലിനു ശേഷം ഏതെങ്കിലും എം.പി. നടത്തുന്ന പ്രസ്താവനയോ എഴുതുന്ന ലേഖനമോ ശ്രീവാസ്തവ ഗ്രൂപ്പിന്റെ വെബ്‌സൈറ്റുകള്‍ പ്രസിദ്ധീകരിക്കും. ഇത് എ.എന്‍.ഐ. ഏറ്റെടുക്കും. യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും യൂറോപ്യന്‍ യൂണിയന്റെയും നിലപാടായി ചിത്രീകരിച്ചുകൊണ്ടാവും ഈ പ്രസ്താവനകളും ലേഖനങ്ങളും പുറത്തുവിടുക. ഇന്ത്യയിലെ വിവിധ വാര്‍ത്താ മാദ്ധ്യമങ്ങളില്‍ ഈ റിപ്പോര്‍ട്ടുകള്‍ വരുന്നതോടെ അവയ്ക്ക് വന്‍ സ്വീകാര്യത ലഭിക്കും.
2019-ല്‍ പൊതു തിരഞ്ഞെടുപ്പിനു മുമ്പ് പാക്കിസ്താനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണങ്ങള്‍ക്ക് അനുകൂലമായി യൂറോപ്യന്‍ പാര്‍ലമെന്റിലെ എം.പി. റൈസാര്‍ഡ് സര്‍നെക്കി എഴുതിയ ലേഖനം ശ്രിവാസ്തവ ഗ്രൂപ്പിന്റെ വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇത് എ.എന്‍.ഐ. ഏറ്റെടുത്തു. യൂറോപ്യന്‍ യൂണിയന്റെ പ്രസ്താവനയായാണ് എ.എന്‍.ഐ. ഈ ലേഖനം റിപ്പോര്‍ട്ട് ചെയ്തത്. എക്കണോമിക് ടൈംസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വാര്‍ത്താ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തു. ഇതുപോലെ നിരവധി വാര്‍ത്തകളാണ് ശ്രീവാസ്തവ ഗ്രൂപ്പും എ.എന്‍.ഐയും ചേര്‍ന്ന് വളച്ചൊടിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതെന്നാണ് ഡിസിന്‍ഫൊലാബ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇതിന് പിന്നില്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് സര്‍വീസസിന്റെ ഇടപെടല്‍ ഉണ്ടെന്ന് പറയാനാവില്ലെന്ന് ഇ.യു. ഡിസിന്‍ഫൊലാബ് വ്യക്തമാക്കി.
ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരമുള്ള പത്ത് സന്നദ്ധ സേവന സംഘടനകളുമായിട്ടെങ്കിലും ശ്രിവാസ്തവ ഗ്രൂപ്പിന് നേരിട്ട് ബന്ധമുണ്ടെന്നാണ് ഡിസിന്‍ഫൊലാബ് കണ്ടെത്തിയിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജന്‍സികളെ സ്വാധീനിക്കാന്‍ കഴിയുന്ന സംഘടനകളാണിത്. കഴിഞ്ഞ 15 വര്‍ഷമായി ശ്രിവാസ്തവ ഗ്രൂപ്പ് ഈ ജോലിയില്‍ വ്യാപൃതമാണെന്നും ഡിസിന്‍ഫൊലാബ് പറയുന്നു. വ്യവസായിയായ അങ്കിത് ശ്രീവാസ്തവയാണ് ശ്രിവാസ്തവ ഗ്രൂപ്പിന്റെ മേധാവി. അങ്കിതിന്റെയും അങ്കിതിന്റെ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ഇ മെയില്‍ മേല്‍വിലാസം ഉപയോഗിച്ച് നാനൂറോളം ഡൊമെയ്ന്‍ പേരുകള്‍ വാങ്ങിയിട്ടുണ്ടെന്ന് ഡിസിന്‍ഫൊലാബ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha























