ശരദ് പവാര്‍ യുപിഎ അധ്യക്ഷ സ്ഥാനത്തേക്ക്; ശരദ് പവാറിന് നറുക്ക് വീണത് നിലവിലെ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍നിന്നു മാറി നില്ക്കാന് തീരുമാനമെടുത്ത സാഹചര്യത്തിൽ; ശരദ് പവാർ പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടുമെന്ന പ്രതീക്ഷയിൽ പാർട്ടികൾ

എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ യുപിഎ അധ്യക്ഷ സ്ഥാനത്തേക്ക്. നിലവിലെ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍നിന്നു മാറി നില്ക്കാന് തീരുമാനമെടുത്ത സാഹചര്യത്തിലാണു പവാര്‍ യുപിഎ തലപ്പത്തേക്കു വരുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍.
മഹാരാഷ്ട്രയില്‍ ബിജെപിയെ ഒഴിവാക്കി മഹാ വികാസ് അഘാഡി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിച്ച തന്ത്രജ്ഞതയാണു പവാറിന് തുണയാകുന്നത്. അടുത്ത വര്‍ഷം തുടക്കത്തോടെ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷന്‍ വരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇതു രാഹുല്‍ ഗാന്ധിയാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സാഹചര്യത്തിലാണു പവാര്‍ യുപിഎ തലപ്പത്തേക്കു വരുന്ന റിപ്പോര്‍ട്ടുകള്‍ക്കു ബലം കൈവരുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു പടിയിറങ്ങിയെങ്കിലും യുപിഎ അധ്യക്ഷ സ്ഥാനത്തു സോണിയ തുടരുകയായിരുന്നു. ഈ സ്ഥാനത്തുനിന്നു പടിയിറങ്ങുന്നതോടെ രാഷ്ട്രീയത്തില്‍നിന്നുള്ള അവരുടെ വിരമിക്കല്‍ പൂര്‍ത്തിയാകും.
പവാര്‍ യുപിഎ തലപ്പത്തേക്കു വരുന്നതോടെ പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടാനാകുമെന്നാണ് മുന്നണി പ്രതീക്ഷിക്കുന്നത്. തൃണമൂലിന്റെ മമത ബാനര്‍ജിയും ഡിഎംകെയും സ്റ്റാലിനുമൊക്കെ ചെറുപ്പക്കാരായ നേതാക്കള്‍ക്കു കൈകൊടുക്കാന്‍ മടിക്കുന്നവരാണ്. അതുകൊണ്ടുതന്നെ പവാറിന്റെ വരവ് മുന്നണിയെ ശക്തിപ്പെടുത്തുമെന്നും കോണ്‍ഗ്രസ് കരുതുന്നു.
https://www.facebook.com/Malayalivartha























