ബംഗാളിൽ മമതയെ പുറത്താക്കാൻ രണ്ടും കല്പിച്ചു ബി ജെ പി ;എന്തും നേരിടാൻ തയ്യാറായി മമത

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാരിനെ നരേന്ദ മോദി പുറത്താക്കുമോ. നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ചു മാസം ബാക്കി നില്‍ക്കെ, വംഗനാട്ടില്‍ ഭയാനകമായ സംഭവവികാസങ്ങളുണ്ടാകുമെന്നു തീര്‍ച്ച.തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുള്ള കടുത്ത മത്സരത്തിനാണ് പശ്ചിമ ബംഗാള്‍ വരുംദിവസങ്ങളില്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.മമതാ ബാനര്‍ജിയില്‍ നിന്ന് എങ്ങനെയും പശ്ചിമ ബംഗാളിന്റെ ഭരണം വെട്ടിപ്പിടിക്കാന്‍ ആര്‍ത്തി പൂണ്ടിറങ്ങിയിരിക്കുകയാണ് നരേന്ദ്രമോദിയും അമിത് ഷായും. ഇതിനു മുന്നോരുക്കമായി എങ്ങനെയും ബംഗാളില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള വഴിതേടിയാണ് ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ കഴിഞ്ഞ ദിവസം ബംഗാളിലെത്തിയത്. ഒരു ശക്തിക്കും കീഴടങ്ങാത്ത ധാര്‍ഷ്ട്യവും ധൈര്യവുമുള്ള മമതാ ബാനര്‍ജി, ജെപി നഡ്ഡയുടെ കാര്‍ തടഞ്ഞതോടെ ബംഗാള്‍ മറ്റൊരു കലാപത്തിലേക്കു തീ കോരിയിടുകയാണ്.സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതായി ഗവര്‍ണര്‍ ജഗ്ദീപ് ധ്ന്‍കര്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ടുകൊടുത്തതോടെ മമതാ സര്‍ക്കാരിനെ പുറത്താക്കാന്‍ സാഹചര്യമൊരുങ്ങുന്നു. വൈകാതെ ഒരു റിപ്പോര്‍ട്ടു കൂടി എഴുതി വാങ്ങി മമതയെ തെരഞ്ഞെടുപ്പിനു മുന്‍പ് വെട്ടിനിരത്താനാണ് നീക്കങ്ങള്‍.
ബംഗാളില്‍ ബിജെപിയ്ക്ക് വളമിടാന്‍ വന്ന നഡ്ഡയെ വഴി തടഞ്ഞതിന്റെ പേരില്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയെയും സംസ്ഥാന പോലീസ് മേധാവി വീരേന്ദ്രയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് മുന്നില്‍ ഇരുവരും ഹാജരാകണമെന്നാണ് കേന്ദ്രം കല്‍പനയിട്ടത്. ഇവരെ ഡല്‍ഹിയിലേക്ക് അയയ്ക്കാന്‍ തനിക്കു സൗകര്യമില്ലെന്ന മറുപടി മമത നല്‍കിയതോടെ കേന്ദ്രം ഞെട്ടി. തൃണമൂല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി മമമതയെ ദുര്‍ബലയാക്കി ബംഗാള്‍ ഭരണം പിടിക്കാന്‍ കച്ചകെട്ടിയിറങ്ങുകയാണ് അമിത് ഷാ. ഇനി നിയമസഭാ തെരഞ്ഞെടുപ്പു വരെ ബംഗാളില്‍ തമ്പടിക്കാന്‍ അമിത് ഷാ തീയതിയും നയപരിപാടിയും പ്രഖ്യാപിച്ചതോടെ, ചെറുനില്‍പ്പിനായി അണികളെ നിരത്തുകയാണ് മമതാ ബാനര്‍ജി. ഇതിന്റെ ഭാഗമായി ഈ മാസം 19,20 തീയതികളില്‍ നിരവധി പരിപാടികളുമായി അമിത് ഷാ പശ്ചിമ ബംഗാളില്‍ എത്തുകയാണ്. അമിത് ഷായെ നേരിടാന്‍ ഇതേ ദിവസങ്ങളില്‍ സമാന്തര സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടാന്‍ കോപ്പുകൂട്ടുകയാണ് മമത ബാനര്‍ജി. ബംഗാളിലെ 294 നിയമസഭാ സീറ്റുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ അഞ്ചു പ്രദേശങ്ങളായി തിരിച്ച് അവിടെ ബൂത്തു തലത്തില്‍ മുതല്‍ പാര്‍ട്ടി പ്രവര്‍ത്തനം സജീവമാക്കാനാണ് അമിത് ഷായുടെ തീരുമാനം.
ഗ്രാമ തലം മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി ബിജെപിയുടെ ആള്‍ബലം കൂട്ടാന്‍ അമിത് ഷാ തീരുമാനിച്ചതോടെ ഭയാനകമായ കലാപത്തിലേക്കാണ് ബംഗാള്‍ നീങ്ങുന്നത്. ഓരോ ബൂത്തിലും കേന്ദ്രസഹായത്തോടെ 23 ഇന വികസനപരിപാടികള്‍ പ്രഖ്യാപിച്ചാണ് തൃണമൂലിനെ വെട്ടിനിരത്താന്‍ അമിത് ഷായുടെ നീക്കം. ബംഗാളില്‍ ഇക്കഴിഞ്ഞ വര്‍ഷം ഒന്‍പതു രാഷ്ട്രീയ കൊലപാതരങ്ങളിലായി ഒട്ടേറെ ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍കൊലപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനമാക്കിയാണ് ക്രമസമാധാന തകര്‍ച്ച ഗവര്‍ണര്‍ ധന്‍കര്‍ ബിജെപിക്കുള്ള ആയുധമാക്കിയിരിക്കുന്നത്.കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 19 സീറ്റുകളും സംസ്ഥാനത്ത് 40 ശതമാനം വോട്ടുകളും ബിജെപി നേടിയിരുന്നു. മമതയെ മാത്രമല്ല രാജ്യത്തെതന്നെ ഞെട്ടിച്ചുകളഞ്ഞു ബിജെപിയുടെ ബംഗാള്‍ കുതിപ്പ്.അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ശതമാനം 50 ശതമാനമായി ഉയര്‍ത്താനായാല്‍ പശ്ചിമ ബംഗാളും ബിജെപിക്ക് ഭരിക്കാനാകും എന്ന കണക്കുകൂട്ടലിലാണ് ബിജെപി നീങ്ങുന്നത്.
പ്രാദേശിക നേതാക്കളെ തൃണമൂലില്‍നിന്ന് പിളര്‍ത്തിയെടുക്കുക, പിന്നോക്ക ദളിത് വിഭാഗങ്ങളെ ഒപ്പം കൂട്ടുക എന്നീ രണ്ടു തന്ത്രങ്ങളാണ് ഇതിനായി ബിജെപി മെനയുന്നത്.ഗതാഗത മന്ത്രിയും നന്ദിഗ്രാം സമരത്തിന്റെ സൂത്രധാരനുമായസുവേന്ദു അധികാരി ഉള്‍പ്പെടെ ഒട്ടേറെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ബിജെപി ഇതോടകം പിളര്‍ത്തിക്കഴിഞ്ഞു. മുകുള്‍ റോയി ബിജെപി ക്യാമ്പില്‍ എത്തിയതും മമതയ്ക്ക് കനത്ത ആഘാതമാണുണ്ടാക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വരുംദിവസങ്ങളില്‍ ഒരു നിര നേതാക്കളെ ഒപ്പം കൂട്ടി അവരെ മുന്നില്‍ നിറുത്തി മമതയ്‌ക്കെതിരെ യോഗങ്ങളും റോഡ് ഷോകളും നടത്താനാണ് അമിത് ഷായുടെ നീക്കം.ബംഗാള്‍ നഷ്ടപ്പെടുന്നതും ജീവന്‍ നഷ്ടപ്പെടുന്നതും മമതയ്ക്ക് ചിന്തിക്കാനാവുന്ന കാര്യമല്ല. ഇതിനായി ആക്രോശിക്കുക മാത്രമല്ല ആയുധമെടുത്ത് അണികളുമായി നിരത്തിലിറങ്ങാനും മടിക്കാത്ത മനോഭാവത്തില്‍ കലിപൂണ്ടു നില്‍ക്കുകയാണ് ബംഗാല്‍ ദീദി മമത ബാനര്‍ജി. പുറത്താക്കാന്‍ വന്നാലും അടിച്ചമര്‍ത്താന്‍ വന്നാലും സംഹാരദുര്‍ഗയായി മമത മാറും.
https://www.facebook.com/Malayalivartha






















