നേതാജിയുടെ മരണത്തിനു പുറമേ ശാസ്ത്രിയും, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മകന്‍ രംഗത്ത്

മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണത്തെ കുറിച്ചുള്ള ഫയലുകള്‍ പരസ്യപ്പെടുത്തണമെന്ന് മകനും കോണ്‍ഗ്രസ് നേതാവുമായ അനില്‍ ശാസ്ത്രി. മരണം സ്വാഭാവികമായിരുന്നില്ലെന്നാണ് കുടുംബം കരുതുന്നുവെന്ന് സിഎന്‍എന്‍-ഐബി എന്‍ ചാനലിനും എഎന്‍ഐ വാര്‍ത്താ എജന്‍സിക്കും നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.1966 ജനുവരി 11 ന് സോവിയറ്റ് യൂണിയനിലെ താഷ്‌ക്കന്റിലാണ് ശാസ്ത്രി ഹൃദയാഘാതത്താല്‍ മരിച്ചത്. എന്നാല്‍ വിഷം ചെന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.1965ലെ യുദ്ധത്തിനുശേഷം പാക് പ്രസിഡന്റെ അയൂബ് ഖാനുമായി ഉടമ്പടി ഒപ്പു വെച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് ശാസ്ത്രി ഹോട്ടല്‍മുറിയില്‍ മരിച്ചത്. അന്ന് ശാസ്ത്രിയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ സുഭാഷ്ചന്ദ്രബോസിന്റെ തിരോധാനത്തെ കുറിച്ചുള്ള നിഗൂഢത നീക്കാന്‍ ബന്ധുക്കള്‍ നടത്തുന്ന ശ്രമത്തിന് ചുവടു പിടിച്ചാണ് ഫയലുകള്‍ പരസ്യമാക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രേഖകള്‍ പരസ്യമാക്കണമെന്ന് മൂന്നു തവണ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. വിവരാവകാശ നിയമപ്രകാരവും ആവശ്യപ്പെട്ടെങ്കിലും വിദേശ രാജ്യവുമായുള്ള ബന്ധത്തെ ബാധിക്കും. എന്ന പേരില്‍ നിഷേധിച്ചു. ഇനി പ്രധാനമന്ത്രി നരേന്ദ്രമോഡിയിലാണ് ശാസ്ത്രി കുടുംബത്തിന്റെ പ്രതീക്ഷ.
ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ മൃതദേഹം റഷ്യയില്‍ നിന്നും വിമാനത്തില്‍ ഇന്ത്യയില്‍ എത്തിച്ചപ്പോഴെ ദുരൂഹതയുണ്ടായിരുന്നുവെന്ന് മകന്‍ അനില്‍ ശാസ്ത്രി പറഞ്ഞു. അച്ഛന്റെ മൃതദേഹം വിമാനത്തില്‍ നിന്ന് പുറത്തെടുക്കുമ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്, അദ്ദേഹത്തിന്റെ ശരീരത്തില്‍ നീലനിറം വ്യാപിച്ചിരുന്നു. മുഖത്തും നീലനിറമായിരുന്നു. നെറ്റിയുടെ ഇരുവശത്തും വെള്ളപ്പാടുകളും കണ്ടു. അത് കണ്ടപ്പോഴേ മരണം സ്വാഭാവികമല്ലെന്ന് അമ്മയും ഉറപ്പിച്ചു. ഇതില്‍ ചതിയുണ്ടെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. അനില്‍ ശാസ്ത്രി വ്യക്തമാക്കി.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഇന്ത്യ എന്ന് സോവിയറ്റ് യൂണിയനോട് ആവശ്യപ്പെടാത്തതില്‍ അനില്‍ ശാസ്ത്രി അദ്ഭുതം പ്രകടിപ്പിച്ചു. ശാസ്ത്രി ഉപയോഗിച്ചിരുന്ന മുറിയില്‍ ടെലിഫോണോ ബെല്ലോ പോലും ഉണ്ടായിരുന്നില്ല. അദ്ദേഹത്തന്റെ ഡയറിയും ഹോട്ടല്‍ മുറിയില്‍ നഷ്ടപ്പെട്ടു, മോസ്‌കോയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നിരുത്തരവാപരമായാണ് പ്രവര്‍ത്തിച്ചത്- അനില്‍ ശാസ്ത്രി കുറ്റപ്പെടുത്തി.
മാത്രമല്ല ശാസ്ത്രിയോടൊപ്പം താഷ്‌ക്കെന്റിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഡോക്ടര്‍ ആര്‍എന്‍ ഛഗ് സമിതിക്ക് തെളിവ് നല്‍കാന്‍ പോകവെ വാഹനാപകടത്തില്‍ മരിച്ചു. താഷ്‌ക്കെന്റിലുണ്ടായിരുന്ന ശാസ്ത്രിയുടെ സഹായി രാംനാഥിന് തെളിവ് നല്‍കാന്‍ പോകുന്നതിനിടെ വാഹനമിടിച്ച് ഓര്‍മ നശിച്ചു. ഈ സംഭവങ്ങളും ദുരൂഹമാണെന്ന് കരുതുന്നവര്‍ ഏറെയുണ്ട്.
മരണത്തെ കുറിച്ച് മുമ്പും പലകോണില്‍ നിന്ന് സംശയം ഉയര്‍ന്നിരുന്നു. ശാസ്ത്രിയുടെ ഭാര്യ ലളിത ശാസ്ത്രി തന്നെ 1978 ല്‍ പുറത്തു വന്ന പുസ്തകത്തില്‍ ആരോപണമുന്നയിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തിലെത്തിയ ജനതാ സര്‍ക്കാര്‍ അന്വേഷണത്തിന് രാജ്‌നാരായണ്‍ സമിതിയെ നിയോഗിച്ചെങ്കിലും അവര്‍ക്ക് വ്യക്തമായ നിഗമനത്തിലെത്താന്‍ കഴിഞ്ഞില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























