118 മൃതദേഹങ്ങള്‍ ഒറ്റക്കുഴിയില്‍. മണിപ്പൂര്‍ തീ അണയുന്നില്ല. വെന്തുവെണ്ണീറാകുന്ന മനുഷ്യര്‍.

മണിപ്പുര്‍ കലാപത്തില്‍ കൊല്ലപ്പെട്ട കുക്കി ഗോത്രവിഭാഗക്കാരുടെ സംസ്‌കാരം 3 മാസത്തിനുശേഷം നാളെ ചുരാചന്ദ്പുരില്‍ നടക്കും. കുക്കി ഗോത്രമേഖലയായ ചുരാചന്ദ്പുരിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള 30 ല്‍ അധികം മൃതദേഹങ്ങളാണു നാളെ സംസ്‌കരിക്കുക. ഇംഫാലിലെ വിവിധ ആശുപത്രികളിലെ മോര്‍ച്ചറികളിലുള്ള ഗോത്രവിഭാഗക്കാരുടെ മൃതദേഹങ്ങള്‍ കൂടി എത്തിക്കാനായാല്‍ 118 പേരുടെ സംസ്‌കാരം നാളെ നടക്കും. 160 ല്‍ ഏറെപ്പേര്‍ കൊല്ലപ്പെട്ട മണിപ്പുര്‍ കലാപത്തില്‍ 129 പേര്‍ കുക്കി-സോ വിഭാഗക്കാരാണ്. കഴിഞ്ഞ മേയ് 3 ന് ആണു കലാപം ആരംഭിച്ചത്. ബിരേന്‍ സിങ് സര്‍ക്കാരിനെ പുറത്താക്കി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുംവരെ വരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന നിലപാടിലായിരുന്നു കുക്കി സംഘടനകള്‍. ഒടുവില്‍, കലാപം 3 മാസം പൂര്‍ത്തിയാകുന്ന നാളെ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചു.
പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്.ഒട്ടേറെപ്പേരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. പലരെയും കൊന്നു കുഴിമൂടിയെന്നാണു കരുതുന്നത്. മെയ്‌തെയ് വിഭാഗക്കാരുടെ മൃതദേഹങ്ങളില്‍ ഏറെയും നേരത്തേതന്നെ സംസ്‌കരിച്ചിരുന്നു. കത്തിക്കരിഞ്ഞ് വിറക് കഷണങ്ങളെ പോലെ ആയതും ബലാല്‍സംഗം ചെയ്ത് പിച്ചിച്ചീന്തപ്പെട്ടതുമായ മൃതശരീരങ്ങളാണ് അടക്കം ചെയ്യുന്നത്. ഇക്കൂട്ടത്തില്‍ കുട്ടികളുമുണ്ടെന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്നത്. ഭരണകൂട സ്‌പോണ്‍സേര്‍ഡ് കലാപത്തിന്റെ ഇരകളില്‍ മൃതദേഹം പോലും കിട്ടാത്ത നൂറുക്കണക്കിനാളുകളുണ്ടാകാമെന്നു കണക്കു കൂട്ടുന്നു.
അതിനിടെ, ഇംഫാലില്‍ കുക്കികള്‍ ഉപേക്ഷിച്ചുപോയ ഏതാനും കെട്ടിടങ്ങള്‍ക്കു കഴിഞ്ഞദിവസം തീയിട്ടിരുന്നു.മോറെയില്‍ മെയ്‌തെയ് വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും തീയിട്ടതിന്റെ തിരിച്ചടിയായിട്ടാണിത്. ചുരാചന്ദ്പുര്‍-ബിഷ്ണുപുര്‍ ഗ്രാമാതിര്‍ത്തികളില്‍ ഇപ്പോഴും വെടിവയ്പ് തുടരുകയാണ്. മോറെയില്‍നിന്നു സംസ്ഥാന പൊലീസിനെ പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് കുക്കി വിഭാഗം മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.
മണിപ്പുരില്‍ ഭരണഘടനാസംവിധാനം തകര്‍ന്നുവെന്നും ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദ്യം കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ്. ആള്‍ക്കൂട്ടത്തിനു തന്നെ കൈമാറിയതു പൊലീസാണെന്നാണു നഗ്‌നരാക്കി നടത്തി ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ മൊഴിയില്‍ പറയുന്നത്. എന്താണു നടന്നതെന്നു കണ്ടെത്തേണ്ടതു ഡിജിപിയുടെ ചുമതലയാണ്. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. അന്ന് സിബി ഐ അന്വേഷണം നടക്കുന്നെണ്ടെന്ന് പറഞ്ഞ് കേന്ദ്രം കോടതിയില്‍ നിനിന്നു തടിതപ്പി.
മണിപ്പൂര്‍ പോലീസ് എടുത്ത 6523 എഫ്ഐആറുകളില്‍ വ്യക്തതയില്ലെന്നും കൊലപാതകം, ബലാത്സംഗം, കൊള്ളിവയ്പ്, സ്വത്തുവകകള്‍ നശിപ്പിക്കല്‍ തുടങ്ങി ഏതൊക്കെ കുറ്റങ്ങളാണെന്നു തരംതിരിച്ച് എഫ്ഐആറുകളുടെ വിവരം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഹൈക്കോടതി മുന്‍ ജഡ്ജിമാരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതേസമയം, മരിച്ചവരുടെ മൃതദേഹങ്ങളില്‍ അവകാശം ഉന്നയിച്ചു വരാത്ത പലതും പ്രത്യേക ഉദ്ദേശ്യത്തോടെ നുഴഞ്ഞുകയറിയവരാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു. അതേസമയം, ഗോത്ര വിഭാഗത്തില്‍പ്പെടുന്നവരുടെ 118 മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ ആണെന്നും കുടുംബങ്ങള്‍ക്ക് അവ തിരിച്ചറിയാന്‍ മോര്‍ച്ചറിയില്‍ എത്താന്‍പോലും കഴിയുന്നില്ലെന്നും ഗോണ്‍സാല്‍വസ് അറിയിച്ചിരുന്നു.
മണിപ്പുരിലെ ക്രമസമാധാന പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനും പൊലീസിനും ഗുരുതര വീഴ്ചയുണ്ടായെന്നു കോടതി ചൂണ്ടിക്കാട്ടിയപ്പോള്‍ വിചിത്ര മറുപടിയുമായി മണിപ്പുര്‍ സര്‍ക്കാര്‍ എത്തിയിരുന്നു. ന്യായീകരണമാകില്ലെന്നറിയാം, മണിപ്പുരിലെ സ്ഥിതി അത്രകണ്ടു മോശമായിരുന്നു' എന്നാണു സര്‍ക്കാരിനു വേണ്ടി ഹാജരായ തുഷാര്‍ മേത്ത മറുപടി നല്‍കിയത്. കടുത്തവാക്കുകളിലായിരുന്നു ഇതിനോടു കോടതി പ്രതികരിച്ചത്. 'രണ്ടു മാസം അതീഭീകരാവസ്ഥയായിട്ടും എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്യാനായില്ല. നിയമം പാലിക്കപ്പെടാതിരുന്നിട്ടും കേസെടുക്കാനായില്ല. ആരെയും അറസ്റ്റ് ചെയ്യാനായില്ല'- ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വ്യക്തമാക്കിയിട്ടു മണിപ്പൂര്‍ അക്രമം തടയാന്‍ നടപടികളൊന്നുമായില്ല. പോലീസ് ക്യാമ്പില്‍ നിന്ന് മോഷ്ടിച്ചു കൊണ്ടു പോയ നാലിയരത്തി അഞ്ഞൂറിലധികം തോക്കുകള്‍ കണ്ടുകെട്ടുന്നതിന് യാതൊരു നടപടിയുമെടുത്തിട്ടില്ല.
അതേസമയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും മണിപ്പൂര്‍ വിഷയം കത്തിയിട്ടും പ്രധാനമന്ത്രി പ്രസ്താവന നടത്താന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ഇന്ത്യ സഖ്യത്തിന്റെ നേതാക്കള്‍ മണിപ്പൂര്‍ സന്ദര്‍ശിച്ച് അക്രമത്തിനിരയായവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് കെട്ടിടങ്ങള്‍ക്ക് തീയിട്ടത്. അതായത് മണിപ്പൂരില്‍ അക്രമത്തിന് അറുതി വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന സന്ദേശമാണ് ഇതിലൂടെ നല്കിയിരിക്കുന്നത്. എന്തായാലും മണിപ്പൂര്‍ അക്രമം പാര്‍ലമെന്റിലും വിട്ടുകളിക്കാന്‍ പ്രതിപക്ഷ സഖ്യം ഒരുക്കമല്ലായെന്ന സന്ദേശമാണ് നല്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha



























