ബംഗളൂരു-മൈസൂരു അതിവേഗ പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതോടെ പരിശോധന കര്‍ശനമാക്കി

ബംഗളൂരു-മൈസൂരു അതിവേഗ പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതോടെ പരിശോധന കര്‍ശനമാക്കി.
ആഗസ്റ്റ് ഒന്നിന് നിരോധനം നിലവില്‍ വന്ന ദിവസം നഗരാതിര്‍ത്തിയായ കുമ്പല്‍ഗോഡില്‍ ട്രാഫിക് പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് വിലക്കുള്ള വാഹനങ്ങളെ സര്‍വിസ് റോഡിലേക്ക് വഴിതിരിച്ചുവിട്ടത്. ഈ വാഹനങ്ങള്‍ പ്രധാന പാതയില്‍ പ്രവേശിക്കാതെ പാതയുടെ സര്‍വിസ് റോഡിലൂടെയാണ് ഓടേണ്ടത്.
വിലക്ക് ലംഘിച്ച് എക്‌സ്പ്രസ് വേയിലെ പ്രധാന പാതയിലേക്ക് പ്രവേശിക്കുന്ന വാഹന ഉടമകളില്‍ നിന്ന് തല്‍ക്കാലം പിഴ ഈടാക്കില്ല. 500 രൂപയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.
ആദ്യദിനങ്ങളിലെ ബോധവത്കരണത്തിനുശേഷം പിന്നീട് വിലക്ക് ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് റോഡ് സുരക്ഷ ചുമതലയുള്ള എ.ഡി.ജി.പി പറഞ്ഞു. അതിവേഗ പാതയിലെ ഇടതുവശത്തെ ലെയ്‌നില്‍ 60 കിലോമീറ്ററും മധ്യഭാഗത്ത് 80 കിലോമീറ്ററും വലതുഭാഗത്ത് 100 കിലോമീറ്ററുമാണ് വേഗപരിധി.
ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂര്‍, മാണ്ഡ്യ, ശ്രീരംഗപട്ടണ, മൈസൂരു റിങ് റോഡ് ജങ്ഷന്‍ എന്നിവിടങ്ങളിലും ഇത്തരം വാഹനങ്ങള്‍ നിരോധിച്ചുവെന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha



























