ആത്മാഭിമാനത്തിന് എതിരായി ജോലി ചെയ്യാന്‍ തനിക്കാകില്ല... ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം

ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. സുപ്രധാന കേസുകളില്‍ അടക്കം വിധി പറഞ്ഞിട്ടുള്ള ജസ്റ്റിസ് രോഹിത് ദിയോ ആണ് തുറന്ന കോടതിയില്‍ രാജി പ്രഖ്യാപനം നടത്തിയത്. ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബഞ്ചിലായിരുന്നു നീതിന്യായ ചരിത്രത്തിലെ തന്നെ അപൂര്‍വ്വമായ സംഭവമുണ്ടായത്.
കോടതിയില്‍ സന്നിഹിതരായിട്ടുള്ള ഓരോരുത്തരോടും ക്ഷമാപണം നടത്തുന്നു എന്ന് അറിയിച്ച ശേഷമായിരുന്നു ജഡ്ജിയുടെ രാജി പ്രഖ്യാപനം. ആത്മാഭിമാനത്തിന് എതിരായി ജോലി ചെയ്യാന്‍ തനിക്കാകില്ലെന്നും അതിനാല്‍ രാജി പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജി സമര്‍പ്പിച്ചു എന്നറിയിക്കുന്നതില്‍ ഖേദമുണ്ട്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രാഷ്ട്രപതിയ്ക്ക് തന്റെ രാജിക്കത്ത് അയച്ചതായി അദ്ദേഹം വ്യക്തമാക്കി.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഗൊകല്‍കൊണ്ട നാഗ സായിബാബയെ വെറുതെവിട്ട രണ്ടംഗ ബഞ്ചിലെ അംഗമായിരുന്നു രോഹിത് ദിയോ. രണ്ട് വര്‍ഷം കാലാവധി ശേഷിക്കേയായിരുന്നു രോഹിത് ദിയോ രാജി വച്ചത്.
മഹാരാഷ്ട്രയുടെ അഡ്വക്കേറ്റ് ജനറല്‍ സ്ഥാനം വഹിക്കവേ 2017ലാണ് ജസ്റ്റിസ് ദിയോയെ അഡീഷണല്‍ ജഡ്ജായി നിയമിക്കുന്നത്.2019 ഏപ്രിലില്‍ അദ്ദേഹത്തിന് സ്ഥിരം ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കി. 2025 ഡിസംബര്‍ നാലിനാണ് അദ്ദേഹം ഔദ്യോഗികമായി വിരമിക്കേണ്ടിയിരുന്നത്.
https://www.facebook.com/Malayalivartha



























