തെലുങ്കു വിപ്ലവ കവിയും ഗായകനുമായ ഗദ്ദര്‍ അന്തരിച്ചു... 74 വയസ്സായിരുന്നു, ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം

തെലുങ്കു വിപ്ലവ കവിയും ഗായകനുമായ ഗദ്ദര്‍ അന്തരിച്ചു... 74 വയസ്സായിരുന്നു, ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഗുമ്മുഡി വിറ്റല്‍ റാവു എന്നാണ് യഥാര്‍ത്ഥ പേര്. 1948ല്‍ ഹൈദരാബാദിലെ തൂപ്രാനിലാണ് ഗദ്ദര്‍ ജനിച്ചത്. മുന്‍ നക്സലൈറ്റും ആക്ടിവിസ്റ്റുമായിരുന്നു. നാടോടി ഗായകനായിരുന്ന ഗദ്ദര്‍ തെലുങ്കാന രൂപീകരണ പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ നിന്നു പ്രവര്‍ത്തിച്ചിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ്) യില്‍ അംഗമായ ഗദ്ദര്‍, 1980 കളില്‍ ഒളിവു ജീവിതം നയിച്ചു. പാര്‍ട്ടിയുടെ സാംസ്‌കാരിക സംഘടനയായ ജനനാട്യ മണ്ഡലിയുടെ സ്ഥാപകനാണ്. 2010 വരെ പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. 2010 ല്‍ ഗദ്ദര്‍ മാവോയിസ്റ്റ് ബന്ധം പൂര്‍ണമായി വിച്ഛേദിച്ചു. പിന്നീട് തെലങ്കാന പ്രത്യേക സംസ്ഥാനമെന്ന മൂവ്മെന്റില്‍ മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിച്ചു. അടുത്തിടെ ഗദ്ദര്‍ പ്രജാ പാര്‍ട്ടിയെന്ന പാര്‍ട്ടി രൂപീകരിക്കുമെന്ന് ഗദ്ദര്‍ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
1997 ല്‍ ഗദ്ദര്‍ക്ക് നേരെ വധശ്രമമുണ്ടായി. ആറു ബുള്ളറ്റുകളാണ് ഗദ്ദറിന്റെ ശരീരത്തില്‍ തുളച്ചുകയറിയത്. ഇതില്‍ അഞ്ചെണ്ണം പുറത്തെടുത്തു. നട്ടെല്ലില്‍ തറച്ച ഒരു ബുള്ളറ്റുമായിട്ടായിരുന്നു ഗദ്ദറിന്റെ പിന്നീടുള്ള ജീവിതം.
പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടേയും ദളിതന്റെയും നൊമ്പരവും പ്രതിഷേധവും ജ്വലിക്കുന്ന വരികള്‍ ആലപിക്കുന്ന ഗായകനെന്ന നിലയില്‍ ഗദ്ദര്‍ ജനകീയ കവിയായി മാറി.
"
https://www.facebook.com/Malayalivartha



























