കള്ളപ്പണക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി കസ്റ്റഡിയില്‍; ശനിയാഴ്ച വരെ ഇദ്ദേഹത്തെ ചോദ്യം ചെയ്യും

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ ഇഡി കസ്റ്റഡിയില്‍ എടുത്തു. ചെന്നൈ പുഴല്‍ ജയിലില്‍ എത്തിയാണ് സെന്തിലിനെ കസ്റ്റഡിയില്‍ എടുത്തത്. ശനിയാഴ്ച വരെ ഇദ്ദേഹത്തെ ചോദ്യം ചെയ്യും. നേരത്തെ സെന്തില്‍ ബാലാജിയെ കസ്റ്റഡിയില്‍ വിട്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
കസ്റ്റഡിയില്‍ ചോദ്യം ചെയാന്‍ ഇഡിക്ക് അധികാരം ഉണ്ടെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ, മന്ത്രിയും ഭാര്യയും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഉത്തരവിന് പിന്നാലെ ഇഡി അപേക്ഷ പരിഗണിച്ച ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി , മന്ത്രിയെ ഈ മാസം 12 വരെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കി. ജൂണ്‍ 14 നു അറസ്റ്റ് ചെയ്‌തെങ്കിലും, ഇതുവരെ ഇഡിക്ക് മന്ത്രിയെ ചോദ്യം ചെയാന്‍ കഴിഞ്ഞിരുന്നില്ല.
2011-15ല്‍ ജെ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു ബാലാജി. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍മാരായും കണ്ടക്ടര്‍മാരായും നിയമിക്കുന്നതിനായി വിവിധ വ്യക്തികളില്‍ നിന്ന് പണം കൈപ്പറ്റിയതായി ആരോപണം ഉയരുകയായിരുന്നു. ബാലാജിക്കെതിരെ മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ബാലാജിക്കും മറ്റുള്ളവര്‍ക്കുമെതിരെ 2021 ജൂലൈയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ഇഡി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
പടിഞ്ഞാറന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ശക്തനായ ഡിഎംകെ നേതാവാണ് സെന്തില്‍ ബാലാജി. കൊങ്കു മേഖലയില്‍ അണ്ണാ ഡിഎംകെ, ബിജെപി സ്വാധീനത്തിന് വെല്ലുവിളിയായി മാറിയ കരുത്തനാണ് ബാലാജി. 2011ലെ ജയലളിത സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു. ജയലളിതയുടെ മരണശേഷം ടി ടി വി ദിനകരനെ പിന്തുണച്ചു. പിന്നീട് 2018 ഡിസംബറില്‍ എഐഎഡിഎംകെ വിട്ട് ഡിഎംകെയിലെത്തി. 2021ല്‍ എക്‌സൈസ്, വൈദ്യുതി വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. നിയമസഭയിലേക്ക് മത്സരിച്ച അഞ്ച് തവണയും ജയിച്ച ചരിത്രമാണ് ബാലാജിക്കുള്ളത്. നിലവില്‍ കോയമ്പത്തൂര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ്. ഇതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുമായി കൊമ്പുകോര്‍ത്ത് വാര്‍ത്തകളില്‍ നിറഞ്ഞ ചരിത്രവുമുണ്ട്.
https://www.facebook.com/Malayalivartha



























