മന്ത്രി കെ പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവില്‍ റിവിഷന്‍ നടപടിയുമായി മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവില്‍, സ്വമേധയാ റിവിഷന്‍ നടപടിയുമായി മദ്രാസ് ഹൈക്കോടതി. മന്ത്രി കെ പൊന്മുടിക്കെതിരെയാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേശിന്റെ അസാധാരണ നടപടി. മന്ത്രിക്കും വിജിലന്‍സിനും കോടതി നോട്ടീസ് അയച്ചു.
കീഴ് കോടതി ഉത്തരവുകളില്‍ പിഴവുണ്ടോയെന്ന് സ്വമേധയാ പരിശോധിക്കാന്‍, ഹൈക്കോടതികള്‍ക്ക് സിആര്‍പിസി 397ആം വകുപ്പ് നല്‍കുന്ന അധികാരത്തിലൂടെയാണ്, മന്ത്രി കെ പൊന്മുടിക്കെതിരായ കേസ് രേഖകള്‍ ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേശ് വിളിച്ചുവരുത്തിയത്. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഗുരുതരവും അഴിമതി പ്രകടവുമായ കേസുകളിലൊന്നാണിതെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് വെങ്കിടേഷ്, വിജിലന്‍സ് അന്വേഷണം വളരെ മോശമായാണ് നടന്നതെന്നും വിമര്‍ശിച്ചു. മന്ത്രി പൊന്മുടിയും വിജിലന്‍സും അടുത്ത മാസം ഏഴിന് മുന്‍പ് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് രേഖകള്‍ ചീഫ് ജസ്റ്റിസിന് കൈമാറാനും രജിസ്ട്രിക്ക് ജസ്റ്റിസ് വെങ്കിടേഷ് നിര്‍ദേശം നല്‍കി. 1996ലെ കരുണാനിധി സര്‍ക്കാരില്‍ ഗതാഗതമന്ത്രിയായിരിക്കെ മൂന്ന് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ജൂണ്‍ 28നാണ് മന്ത്രിയെ വെല്ലൂര്‍ കോടതി കുറ്റവിമുക്തനാക്കിയത്. മതിയായ തെളിവില്ലെന്നായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തല്‍.
കഴിഞ്ഞ മാസം പൊന്മുടിയുടെ വീടുകളിലെ റെയ്ഡിന് പിന്നാലെ ഇഡി മന്ത്രിയെ ചോദ്യം ചെയ്തപ്പോള്‍, വെല്ലൂര്‍ കോടതി ഉത്തരവ് അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റാലിന്റെ പ്രതിരോധം. 1989 മുതലുള്ള എല്ലാ ഡിഎംകെ സര്‍ക്കാരുകളിലും മന്ത്രിയായിട്ടുള്ള പൊന്മുടിക്കെതിരായ ഹൈക്കോടതി നടപടി, പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നതായിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























