ഉപരിതലത്തിന് 2.1 കിലോമീറ്റർ അകലെ വച്ച് ഗവേഷകർ ഭയന്നതു സംഭവിച്ചു....2019 സെപ്റ്റംബർ 7 പുലർച്ചെ രാജ്യ വിജയ വാർത്ത പ്രതീക്ഷിച്ച ദിവസം....ചന്ദ്രന്റെ ദക്ഷിണധ്രുവത്തോട് അടുക്കവേയുണ്ടായ അവിചാരിത മാറ്റങ്ങൾ സോഫ്റ്റ്‌െവയറിനെ തകരാറിലാക്കി തുടർന്ന് ചന്ദ്രയാൻ 2 ന്റെ പരാജയം... ചന്ദ്രയാൻ 3 സോഫ്റ്റ് ലാന്ഡിങ്ങിന് തയ്യാറാവുമ്പോൾ ചർച്ചയായി ചന്ദ്രയാൻ 2

2019 സെപ്റ്റംബർ 7 പുലർച്ചെ 1.53. ഇന്ത്യയുടെ അഭിമാനപേടകം ചന്ദ്രയാൻ 2 ലാൻഡിങ്ങിനു തയാറെടുക്കുന്നു. എന്നാൽ ചന്ദ്രോപരിതലത്തിലെ ലാൻഡിങ്ങിന് ഏതാനും മിനിറ്റ് മാത്രം ബാക്കി നിൽക്കെ, ഉപരിതലത്തിന് 2.1 കിലോമീറ്റർ അകലെ വച്ച് ഗവേഷകർ ഭയന്നതു സംഭവിച്ചു. പേടകത്തിലെ ലാൻഡറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. നാലു കാലിൽ ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തേണ്ടിയിരുന്ന ചന്ദ്രയാൻ 2 ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങി. ബെംഗളൂരുവിലെ കൺട്രോൾ സെന്ററുമായുള്ള ബന്ധവും വൈകാതെ വിച്ഛേദിക്കപ്പെട്ടു.
വിക്രം എന്നു പേരിട്ട ലാൻഡർ, പ്രഗ്യാൻ എന്ന റോവർ, ഓർബിറ്റർ എന്നിവയടങ്ങിയതായിരുന്നു ചന്ദ്രയാൻ 2 പേടകം. ഓർബിറ്ററിൽനിന്ന് വേർപ്പെട്ട ശേഷം ലാൻഡറിനെ നിയന്ത്രിച്ചിരുന്നത് ഒരു ഗൈഡൻസ് സോഫ്റ്റ്‌വെയറായിരുന്നു. ലാൻഡറിന്റെ വേഗവും ദിശയും നിയന്ത്രിക്കുക, എവിടെ ലാൻഡ് ചെയ്യണമെന്നു തീരുമാനിക്കുക, നിലത്തിറങ്ങിയതിനു ശേഷം റോവറിനെ പുറത്തിറക്കുക തുടങ്ങിയ സങ്കീർണമായ പ്രവർത്തനങ്ങളെല്ലാം ഈ സോഫ്റ്റ്‌വെയറിന്റെ ദൗത്യമായിരുന്നു. എന്നാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തോട് അടുക്കവേയുണ്ടായ അവിചാരിത മാറ്റങ്ങൾ സോഫ്റ്റ്‌െവയറിനെ തകരാറിലാക്കി.
അതോടൊപ്പമായിരുന്നു പേടകത്തിലെ ത്രസ്റ്ററിലുണ്ടായ പ്രശ്നവും. ചന്ദ്രോപരിതലത്തിന് 30 കിലോമീറ്റർ ഉയരത്തിൽനിന്ന് 5 കിലോമീറ്റർ അടുത്തു വരെ വരുന്ന ഘട്ടം അഥവാ റഫ് ബ്രേക്കിങ് ലാൻഡർ വിജയകരമായി പിന്നിട്ടിരുന്നു. തുടർന്നായിരുന്നു ഫൈൻ ബ്രേക്കിങ് ഘട്ടം. ലാൻഡറിന്റെ നടുവിലുള്ള ഒരു ത്രസ്റ്റർ മാത്രം ഈ ഘട്ടത്തിൽ പ്രവർത്തിപ്പിക്കും. ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്നതിനു വേണ്ടിയുള്ള ഗതിവേഗം നിയന്ത്രിത സംവിധാനത്തിലൂടെ പേടകത്തിനു നൽകുന്നതിനുള്ള ഉപകരണമാണ് ത്രസ്റ്റർ.
ഒരു ത്രസ്റ്റർ പ്രവർത്തിപ്പിച്ചതോടെ വേഗം സെക്കൻഡിൽ 146 മീറ്റർ എന്ന രീതിയിൽ കുറഞ്ഞു. പിന്നീട് 5 ത്രസ്റ്ററുകളും പ്രവർത്തിപ്പിച്ചെങ്കിലും പ്രതീക്ഷിച്ചതു പോലെ വേഗം കുറയ്ക്കാൻ സാധിച്ചില്ല. ഈ ഘട്ടത്തിൽത്തന്നെ ഗൈഡൻസ് സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനവും പാളി. അതോടെ ലാൻഡറിനു വേഗം നിയന്ത്രിക്കാനാകാതെ വന്നു. ദിശയും തെറ്റി. ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 500 മീറ്റർ മാത്രം ഉയരത്തിൽ പേടകം എത്തിനിൽക്കെയായിരുന്നു ഇതെല്ലാം സംഭവിച്ചത്. അതായത്, വെറും അരക്കിലോമീറ്റർ ദൂരത്തിനിടെ എല്ലാ പ്രതീക്ഷകളും തകിടംമറിഞ്ഞു.
https://www.facebook.com/Malayalivartha



























