ഇന്ത്യയും യു.എ.ഇയും തമ്മില്‍ ക്രൂഡ് ഓയില്‍ ഇടപാടില്‍ ഒപ്പുവെച്ചു

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയും യു.എ.ഇയും തമ്മില്‍ പ്രാദേശിക കറന്‍സി ഉപയോഗിച്ച് ക്രൂഡ് ഓയില്‍ ഇടപാട് നടത്തി. ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് സിസ്റ്റം നടപ്പാക്കിയതിനുശേഷം ആദ്യമായി നടക്കുന്ന ക്രൂഡ് ഓയില്‍ ഇടപാടാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിലെ ധാരണപ്രകാരമാണ് നടപടി.
അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും (അഡ്‌നോക്) ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും (ഐ.ഒ.സി.എല്‍) തമ്മില്‍ 10 ലക്ഷം ബാരല്‍ ക്രൂഡോയില്‍ ഇടപാടാണ് നടത്തിയത്. രൂപയിലും ദിര്‍ഹത്തിലും വിനിമയം നടത്താന്‍ ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഒപ്പുവെച്ച ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് സിസ്റ്റം (എല്‍.സി.എസ്.) ഉടമ്പടിയുടെ ഭാഗമായുള്ള ആദ്യ ക്രൂഡോയില്‍ വിനിമയമാണ് അബുദാബിയില്‍ നടന്നത്. ഡോളറിന് പകരം പൂര്‍ണമായും രൂപയും ദിര്‍ഹവുമാണ് ഇടപാടില്‍ ഉപയോഗിച്ചതെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയില്‍ എത്തിയപ്പോഴാണ് ഉഭയകക്ഷി വ്യാപാരങ്ങളില്‍ ഇന്ത്യന്‍ രൂപയും യു.എ.ഇ ദിര്‍ഹവും ഉപയോഗിക്കാനുള്ള ധാരണപാത്രത്തില്‍ ഒപ്പുവച്ചത്. മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് ധാരണയില്‍ എത്തുകയായിരുന്നു. അതേ ദിവസംതന്നെ 25 കിലോ സ്വര്‍ണം 12.84 കോടി രൂപയ്ക്ക് (1.54 മില്യണ്‍ ഡോളര്‍) പ്രാദേശിക കറന്‍സി ഇടപാടിലൂടെ ഇന്ത്യയിലേക്ക് അയച്ചിരുന്നു. ഇതായിരുന്നു എല്‍.സി.എസ് വഴിയുള്ള ആദ്യ ഇടപാട്. രണ്ടാമത്തെ ഇടപാടാണ് ഇപ്പോള്‍ ക്രൂഡ്ഓയില്‍ വ്യാപാരത്തിലൂടെ നടന്നത്.
വിദേശരാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടില്‍ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ലോക്കല്‍ കറന്‍സി സെറ്റില്‍മെന്റ് സിസ്റ്റം (എല്‍.സി.എസ്.) നടപ്പിലാക്കിയത്. ഇതുപ്രകാരം ഇടപാടുകളുടെ ചെലവും സമയവും കുറയ്ക്കുമെന്നതിനൊപ്പം രൂപയുടെ സ്ഥിരത വര്‍ദ്ധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഈ സംവിധാനത്തിലൂടെ പെയ്‌മെന്റ് കറന്‍സി തിരഞ്ഞെടുക്കാനുള്ള സൗകര്യം വ്യാപാരികള്‍ക്ക് ലഭിക്കും. കൂടാതെ ഇടപാടുകളുടെ ഫലമായുണ്ടാകുന്ന പ്രാദേശിക കറന്‍സികളിലെ മിച്ചം കോര്‍പ്പറേറ്റ് ബോണ്ടുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, ഇക്വിറ്റി മാര്‍ക്കറ്റുകള്‍ തുടങ്ങി വിവിധ പ്രാദേശിക ആസ്തികളില്‍ നിക്ഷേപിക്കാം.
https://www.facebook.com/Malayalivartha



























