ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിക്ക് ജയിലിലെ കാഠിന്യമേറിയ ജോലികള്‍ ചെയ്യേണ്ടിവരും

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് ജയിലിലെ ദിവസക്കൂലി 105 രൂപയെന്ന് റിപ്പോര്‍ട്ട്. ശാരീരിക അധ്വാനം കൂടുതലുള്ള ജോലിക്ക് ദിവസം 105 രൂപ കൂലിയാവും സഞ്ജയ് റോയിക്ക് ലഭിക്കുകയെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്‍ക്കത്തയിലെ പ്രസിഡന്‍സി സെന്‍ട്രല്‍ ജയിലിലാണ് സഞ്ജയ് റോയി കഴിയുന്നത്. ജീവപര്യന്തം തടവ് ശിക്ഷയാണ് സെല്‍ദയിലെ കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. നിലവില്‍ അനുവദിച്ച സെല്ലിനുള്ളില്‍ നടക്കാനും വ്യായാമം ചെയ്യാനുമാണ് സഞ്ജയ് റോയിക്ക് അനുമതിയുള്ളത്. ഗാര്‍ഡുമാരുടെ നിരീക്ഷണത്തിലാണ് സെല്ലിന് പുറത്തിറങ്ങാനാവുക.
വിചാരണ തടവുകാരന്‍ അല്ലാത്തതിനാല്‍ ഇനി ജയിലിലെ കാഠിന്യമേറിയ ജോലികള്‍ സഞ്ജയ് റോയി ചെയ്യേണ്ടി വരുമെന്നാണ് ജയില്‍ അധികൃതരെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ പ്രവര്‍ത്തി പരിചയം ഇല്ലാത്തതിനാല്‍ ശാരീകാധ്വാനമുള്ള ജോലികളാവും നല്‍കുക. ഇതിന് ദിവസം 105 രൂപ കൂലിയും നല്‍കുമെന്നാണ് ജയില്‍ അധികൃതര്‍ വിശദമാക്കുന്നത്. തോട്ടം പരിപാലിക്കാനടക്കമുള്ള ജോലികള്‍ പ്രതിക്ക് നല്‍കും. തുടക്കത്തില്‍ അപ്രന്റിസ് ആയാവും ജോലി. ഇനിയുള്ള കാലം ഈ ജയിലിലാവും ഇയാള്‍ കഴിയുക. നിലവില്‍ അവിദഗ്ധ തൊഴിലാളികള്‍ക്ക് ദിവസം 105 രൂപയും അര്‍ധ വിദഗ്ധ തൊഴിലാളികള്‍ക്ക് 120 രൂപയും വിദഗ്ധ തൊഴിലാളികള്‍ക്ക് 135 രൂപയുമാണ് വേതനമായി നല്‍കുന്നത്.
വസ്ത്ര നിര്‍മ്മാണം, ഫര്‍ണിച്ചര്‍ നിര്‍മ്മാണം, അലുമിനിയം പാത്ര നിര്‍മ്മാണം എന്നിവ അടക്കമുള്ളവയാണ് ജയിലില്‍ കഠിനമേറിയ ജോലികളായി നിരീക്ഷിക്കുന്നത്. അതേസമയം കേസില്‍ പ്രതിക്ക് വധ ശിക്ഷ വേണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞാണ് പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതി സഞ്ജയ് റോയ് മരണം വരെ ജയിലില്‍ തുടരണമെന്നും വിധി വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























