ഭര്‍ത്താവിനെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍

ഭര്‍ത്താവിനെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ധന്നലാല്‍ സൈനിയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ഗോപാലി ദേവിയും കാമുകന്‍ ദീന്‍ദയാല്‍ കുശ്വാഹയുമാണ് അറസ്റ്റിലായത്.സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വീഡിയോകളില്‍ സ്ത്രീയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിന്റെ മൃതദേഹം ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നത് കാണാം. ഭാര്യ ഗോപാലി ദേവിയും കാമുകന്‍ ദീന്‍ദയാലും ആണ് അറസ്റ്റിലായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത് ഡിസിപി) ദിഗന്ത് ആനന്ദ് സ്ഥിരീകരിച്ചു. ഇരുവരും ചേര്‍ന്ന് ധന്നലാല്‍ സൈനിയെ ഇരുമ്പുകമ്പി കൊണ്ടു തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
ദീന്‍ദയാല്‍ കുശ്വാഹയുമായുള്ള ഗോപാലി ദേവിയുടെ ബന്ധം ചോദ്യം ചെയ്തതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു വിവരം. ഗോപാലി ദേവി 5 വര്‍ഷമായി ദീന്‍ദയാല്‍ കുശ്വാഹയുമായി പ്രണയത്തിലായിരുന്നു. ഫാക്ടറിയില്‍ ജോലി ചെയ്യുകയാണെന്നു കള്ളം പറഞ്ഞാണ് ഇവര്‍ ദീന്‍ദയാലിനെ കാണാന്‍ പോയിരുന്നത്. സംശയം തോന്നിയ ഭര്‍ത്താവ് ശനിയാഴ്ച ഗോപാലിയെ പിന്തുടര്‍ന്നു തുണിക്കടയിലെത്തുകയും ദീന്‍ദയാലിനൊപ്പം നില്‍ക്കുന്നതു കണ്ടുപിടിക്കുകയും ചെയ്തു.
ഇതു ചോദ്യം ചെയ്ത ധന്നലാല്‍ സൈനിയെ ഗോപാലിയും കാമുകനും കൂടി മറ്റൊരു കടയിലേക്കു കൊണ്ടുപോയി. അവിടെവച്ച് ഇരുമ്പുകമ്പി കൊണ്ടു തലയ്ക്കടിച്ചും കയര്‍ കഴുത്തില്‍ കുരുക്കിയും ധന്നലാലിനെ കൊലപ്പെടുത്തുകയായിരുന്നു. തെളിവുകളില്ലാതാക്കാന്‍ മൃതദേഹം കത്തിക്കാന്‍ ഇരുവരും തീരുമാനിച്ചു. ഇതിനായി മൃതദേഹം വെള്ള നിറത്തിലുള്ള കവറില്‍ പൊതിഞ്ഞു ബൈക്കില്‍ റിങ് റോഡിനു സമീപം കൊണ്ടുപോയി കത്തിച്ചു. ഇതിനിടെ ഒരു കാര്‍ വരുന്നതു കണ്ടു പേടിച്ച പ്രതികള്‍ സ്ഥലത്തുനിന്നു ഓടി രക്ഷപ്പെട്ടതിനാല്‍ മൃതദേഹം പൂര്‍ണമായി കത്തിയില്ല. തുടര്‍ന്നാണ് ഇരുവരും അറസ്റ്റിലായത്.
മാര്‍ച്ച് 16 ന് റോഡിന് സമീപം പകുതി കത്തിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. പ്രാഥമിക പരിശോധനയില്‍ ഇരയെ കൊലപ്പെടുത്തിയതാണെന്നും തെളിവുകള്‍ മറച്ചുവെച്ചതിന് മൃതദേഹം കത്തിച്ചതാണെന്നുമുള്ള സംശയം ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഒരു ചാക്കില്‍ കെട്ടി റോഡില്‍ ഉപേക്ഷിച്ചതാകാമെന്നും പോലീസ് സംശയിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞത്.
https://www.facebook.com/Malayalivartha























