ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരായ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയില്‍ എത്തി...

ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരായ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയില്‍ എത്തി. മുഖ്യമന്ത്രിയെ തമിഴ്‌നാട് മന്ത്രി പഴനിവേല്‍ ത്യാഗരാജന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നയിക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ചെന്നൈയിലെത്തിയത്.
കേന്ദ്രത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിക്ക് സിപിഎം കേന്ദ്ര നേതൃത്വം അനുമതി നല്‍കിയിട്ടുണ്ടായിരുന്നു. മണ്ഡല പുനര്‍നിര്‍ണയ നീക്കത്തില്‍ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. അന്തിമ തീരുമാനം അഭിപ്രായ സമന്വയത്തിലൂടെ മാത്രമാകണമെന്നാണ് പിണറായി വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞത്. അതേസമയം എംകെ സ്റ്റാലിന്റെ ഇടപെടല്‍ തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള നീക്കമെന്ന വിലയിരുത്തലിലാണ് എഐസിസി.
യോഗത്തിന് ക്ഷണം ലഭിച്ച രേവന്ത് റെഡ്ഡിയും ഡി.കെ ശിവകുമാറും ഹൈക്കമാന്‍ഡ് തീരുമാനമെന്തന്നറിയാനായി കാക്കുകയാണ്. ബിഹാര്‍ തെരഞ്ഞെടുപ്പ് വരാനിരിക്കെ, കോണ്‍ഗ്രസ് വടക്കേ ഇന്ത്യക്കെതിരെന്ന പ്രചാരണം ബിജെപി ഉയര്‍ത്താനുള്ള സാഹചര്യം കൂടി കണക്കിലെടുത്താകും എഐസിസി തീരുമാനമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ .
ഡല്‍ഹി തെരഞ്ഞെടുപ്പോടെ ഇന്ത്യ സഖ്യത്തില്‍ വിള്ളല്‍ വീണ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാനുള്ള സ്റ്റാലിന്റെ നീക്കങ്ങള്‍ ഡല്‍ഹിയിലെ പാര്‍ട്ടി നേതൃത്വങ്ങള്‍ കൗതുകത്തോടെയാണ് നിരീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha























