ഛത്തീസ്ഗഢിലെ ബീജാപൂര്‍, കാങ്കര്‍ ജില്ലകളില്‍ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ സുരക്ഷാ സേന മുപ്പത് മാവോയിസ്റ്റുകളെ വധിച്ചു.

ഛത്തീസ്ഗഢിലെ ബീജാപൂര്‍, കാങ്കര്‍ ജില്ലകളില്‍ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ സുരക്ഷാ സേന മുപ്പത് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഢ് ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡി.ആര്‍.ജി) ജവാന്‍ വീരമൃത്യു വരിച്ചു. മാവോയിസ്റ്റുകളില്‍ നിന്ന് വന്‍ തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു.
ഗംഗലൂരിലെ ബിജാപൂര്‍-ദന്തേവാഡ അതിര്‍ത്തിയിലെ വനപ്രദേശത്ത് നടന്ന ഏറ്റുമുട്ടലിലാണ് 26 മാവോയിസ്റ്റുകളെ വധിച്ചത്. ഇവിടെയാണ് ജവാന്‍ വീരമൃത്യു വരിച്ചതും. രാവിലെ ഏഴോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം തുടര്‍ന്നു. ഇരുവശത്തും കനത്ത വെടിവയ്പുണ്ടായി.
കൊല്ലപ്പെട്ട 26 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി ബിജാപൂര്‍ പൊലീസ് സ്ഥിരീകരിച്ചു. വന്‍തോതിലുള്ള ആയുധശേഖരവും വെടിക്കോപ്പുകളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു. പരിസരത്ത് കൂടുതല്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിപ്പുണ്ടെന്ന സൂചനയെ തുടര്‍ന്ന് പരിശോധന തുടരുന്നു.
ഡി.ആര്‍.ജിക്കൊപ്പം സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്.ടി.എഫ്), സി.ആര്‍.പി.എഫ് എന്നിവയും ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. കാങ്കര്‍ ജില്ലയിലെ ഛോട്ടെബെതിയയിലുള്ള കൊറോസ്‌കോഡോ ഗ്രാമത്തിന് സമീപം നടന്ന മറ്റൊരു വെടിവയ്പ്പില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേന പരിശോധന നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം നടന്നത്.
https://www.facebook.com/Malayalivartha























