മ്യാന്‍മറില്‍ വന്‍ നാശം വിതച്ച് ഭൂചലനം; മരണസംഖ്യ 59 ആയി, കെട്ടിടങ്ങള്‍ തകര്‍ന്നു, നിരവധിപേരെ കാണാനില്ല

മ്യാന്‍മറില്‍ ഉണ്ടായ ഭൂചലനത്തില്‍ ഇതുവരെ 59 പേര്‍ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 250ലധികംപേര്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.50നാണ് ആദ്യ ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. മാന്റ്ലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ കണ്ടെത്തി.
തായ്ലന്‍ഡിലും പ്രകമ്പനം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് 43 പേര്‍ കുടുങ്ങിയതായാണ് വിവരം. ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ 50 പേരുണ്ടായിരുന്നതായും ഏഴുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും തായ്ലന്‍ഡ് അധികൃതര്‍ അറിയിച്ചു.
ഭൂചലനം ഉണ്ടായ സാഹചര്യത്തില്‍ ബാങ്കോക്കിലും ചൈനയിലെ യുനാന്‍ പ്രവിശ്യയിലും മെട്രോ, റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം, ഭൂകമ്പത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിര്‍മാണത്തിലിരുന്ന ബഹുനിലകെട്ടിടം, വീടുകള്‍ തുടങ്ങിയവ നിലം പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ആളുകള്‍ നിലവിളിച്ച് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം.
https://www.facebook.com/Malayalivartha























