കോഴിക്കോട് നിന്നു കാണാതായ പതിമൂന്നുകാരന്‍ പാലാക്കാട്ടെത്തിയതായി വിവരം

കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂളില്‍നിന്നു കാണാതായ ബിഹാര്‍ സ്വദേശിയായ പതിമൂന്നുകാരന്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ബിഹാര്‍ മകത്പുര്‍ സ്വദേശിയായ സന്‍സ്‌കര്‍ കുമാര്‍ സിങ്ങിനെയാണ് 5 ദിവസം മുന്‍പ് സ്‌കൂളില്‍നിന്നു കാണാതായത്. കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് സന്‍സ്‌കര്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി സ്ഥിരീകരിച്ചത്.
മാര്‍ച്ച് 24ന് രാവിലെ 11.15ന്റെ സിസിടിവി ദൃശ്യങ്ങളിലാണ് കുട്ടിയുടെ സാന്നിധ്യമുള്ളത്. കുട്ടി ബിഹാറിലേക്കാണോ പോയതെന്നുള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. പുണെ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഹോസ്റ്റലില്‍നിന്നു നടന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്ക് പോകുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി.
അതിസാഹസികമായാണു കുട്ടി ഹോസ്റ്റലില്‍നിന്നു രക്ഷപ്പെട്ടതെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പുലര്‍ച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍നിന്നു കേബിളില്‍ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്. കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നു. മൊബൈല്‍ ഫോണില്ല. ബിഹാറിലുള്ള രക്ഷിതാക്കള്‍ക്കും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























