മകളുടെ വിവാഹത്തിന് 50 ചാര്‍ട്ടേഡ് വിമാനങ്ങള്‍; ആരോപണങ്ങള്‍ തെറ്റെന്ന് നിതിന്‍ ഗഡ്കരി

മകളുടെ വിവാഹത്തിന് പങ്കെടുക്കാനുള്ള അതിഥികള്‍ക്കായി 50 ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന ആരോപണം തള്ളി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ആരോപണം കളവും ദുരുദ്ദേശപരവുമാണെന്നു മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഷെഡ്യൂള്‍ ചെയ്യാത്ത 10 വിമാനങ്ങള്‍ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാഗ്പൂര്‍ വിമാനത്താവളത്തില്‍ വന്നതെന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ഗഡ്കരിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ഇതില്‍ മൂന്നെണ്ണം സര്‍ക്കാര്‍ വിമാനങ്ങളാണ്.
കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവരാണ് ഈ വിമാനങ്ങളില്‍ എത്തിയത്. മറ്റു വിമാനങ്ങളില്‍ യോഗ ഗുരു ബാബ രാംദേവ്, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, റാമോജി റാവു, രാജ്യസഭാ അംഗം സുഭാഷ് ചന്ദ്ര എന്നിവരാണ് എത്തിയതെന്നും ഗഡ്കരിയുടെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗഡ്കരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്ന വി.വി.ഐ.പികളുമായി 50 ചാര്‍ട്ടേഡ് വിമാനങ്ങളാണ് നാഗ്പൂരിലെത്തിയതെന്നും പതിനായിരത്തോളം അതിഥികള്‍ എത്തുമെന്നുമായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഗഡ്കരിയുടെ മൂന്നു മക്കളില്‍ ഇളയ പുത്രി കേത്രിയുടെ വിവാഹമായിരുന്നു ഞായറാഴ്ച. ചടങ്ങില്‍ കേന്ദ്രമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ചലച്ചിത്രതാരങ്ങളായ അമിതാഭ് ബച്ചന്‍, ഹേമമാലിനി തുടങ്ങിയവര്‍ പങ്കെടുത്തു.
കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം അനുസരിച്ച് വിവാഹച്ചെലവുകള്‍ക്കായി 2.5ലക്ഷം രൂപ മാത്രമേ പണമായി പിന്‍വലിക്കാന്‍ സാധിക്കൂ. സാധാരണക്കാര്‍ക്കുമേല്‍ അത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കെ കേന്ദ്രമന്ത്രി തന്നെ മകളുടെ വിവാഹത്തിന് കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha



























