വ്യോമസേന മുന്‍ മേധാവി എസ് പി ത്യാഗി അറസ്റ്റില്‍; മുന്‍ സേനാമേധാവികളുടെ അറസ്റ്റ് ആദ്യം

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് അഴിമതിക്കേസില്‍ വ്യോമസേനാ മുന്‍ മേധാവി എസ് പി ത്യാഗി, അദ്ദേഹത്തിന്റെ ബന്ധു സഞ്ജീവ് ത്യാഗി, അഭിഭാഷകന്‍ ഗൗതം ഖേതാന്‍ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. സേനാമേധാവി ആയിരുന്ന ഒരാള്‍ രാജ്യത്ത് ആദ്യമായാണ് ഏതെങ്കിലും കേസില്‍ അറസ്റ്റിലാവുന്നത്. മൂവരും കോഴവാങ്ങി ഇടപാടിനെ സ്വാധീനിച്ചിട്ടുണ്ടെന്നാണു സിബിഐയുടെ കണ്ടെത്തല്‍.
അതിവിശിഷ്ട വ്യക്തികളുടെ യാത്രയ്ക്കായി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍നിന്ന് 12 എഡബ്ല്യു101 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള 3600 കോടി രൂപയുടെ ഇടപാടില്‍ 362 കോടി കോഴയായി കൈമാറിയെന്നാണ് ആരോപണം. ത്യാഗിയും ബന്ധുക്കളുമുള്‍പ്പെടെ ആറ് ഇന്ത്യക്കാരെയും അഞ്ചു വിദേശികളെയും നാലു കമ്ബനികളെയുമാണു സിബിഐയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്.
അഴിമതിയുടെ പേരിലോ മറ്റേതെങ്കിലും ക്രിമിനല്‍ കുറ്റത്തിന്റെ പേരിലോ മുന്‍ സേനാമേധാവി അറസ്റ്റിലാകുന്നത് ഇന്ത്യയില്‍ ഇതാദ്യമായാണ്. എന്നാല്‍, മറ്റ് ആരോപണങ്ങളുടെ പേരില്‍ സേനാമേധാവികള്‍ സ്ഥാനമൊഴിയേണ്ടി വന്ന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. 1962ലെ ചൈനീസ് ആക്രമണകാലത്ത് സൈന്യത്തെ സജ്ജമാക്കുന്നതില്‍ പരാജയപ്പെട്ട കരസേനാമേധാവി ജനറല്‍ പി.എന്‍. ഥാപ്പറോട് രാജിവയ്ക്കാനാവശ്യപ്പെട്ടതാണ് ആദ്യ സംഭവം. അതിനു മുന്‍പു രാജ്യരക്ഷാമന്ത്രി വി.കെ. കൃഷ്ണമേനോനുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ജനറല്‍ തിമ്മയ്യ രാജിവച്ചെങ്കിലും പ്രധാനമന്ത്രി നെഹ്‌റു അദ്ദേഹത്തെ അനുനയിപ്പിച്ച് രാജി പിന്‍വലിപ്പിച്ചു.
തന്റെ സീനിയോറിറ്റി മറികടന്ന് കരസേനാ മേധാവിയായി ജനറല്‍ എ.എസ്.വൈദ്യയെ നിയമിച്ചതിന്റെ പേരില്‍ സഹമേധാവി ലഫ്റ്റനന്റ് ജനറല്‍ എസ്.കെ.
സിന്‍ഹ രാജിവച്ചിരുന്നു. 1971ലെ ബംഗ്ലദേശ് യുദ്ധകാലത്ത് നാവികസേനയെ നയിച്ച അഡ്മിറല്‍ എസ്.എം. നന്ദ സ്ഥാനമൊഴിഞ്ഞശേഷം ഷിപ്പിങ് കോര്‍പറേഷന്റെ തലവനായിരുന്ന കാലത്ത് അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അവയൊന്നും തെളിയിക്കപ്പെട്ടില്ല.
1990കളില്‍ നാവികസേനാ മേധാവിയായിരുന്ന അഡ്മിറല്‍ വിഷ്ണു ഭാഗവത്, നന്ദയുടെ കമ്ബനികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അഴിമതിയാരോപണത്തിലല്ലെങ്കിലും മന്ത്രിസഭയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ ഭാഗവതിനെ പിരിച്ചുവിട്ടതാണ് ഒരു സേനാമേധാവിക്കെതിരെ ഭരണകൂടം ഇതുവരെ സ്വീകരിച്ചിട്ടുള്ള ഏറ്റവും കടുത്ത നീക്കം. അന്നത്തെ രാജ്യരക്ഷാമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് ഭാഗവത് മന്ത്രിസഭാ തീരുമാനങ്ങളെവരെ ചോദ്യം ചെയ്തതാണ് കടുത്ത നടപടിയിലേക്കു വഴിതെളിച്ചത്.
നാവിക ഓപ്പറേഷന്‍ മുറിയില്‍നിന്ന് സ്‌കോര്‍പീന്‍ മുങ്ങിക്കപ്പല്‍ കരാര്‍ സംബന്ധിച്ച രേഖകള്‍ പുറത്തായതു സംബന്ധിച്ചു നാവികസേനാ മേധാവിയായിരുന്ന അഡ്മിറല്‍ അരുണ്‍ പ്രകാശിന്റെ പേരില്‍ ആരോപണമുയര്‍ന്നെങ്കിലും അവയൊന്നും തെളിയിക്കപ്പെട്ടില്ല. വ്യോമസേനാ മേധാവിയായിരുന്ന എയര്‍ ചീഫ് മാര്‍ഷല്‍ എസ്.കെ. സരീനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ഊഹാപോഹങ്ങളായി അവശേഷിച്ചു.
https://www.facebook.com/Malayalivartha



























