പേപ്പര്‍ കറന്‍സിയില്‍ നിന്ന് പ്ലാസ്റ്റിക് കറന്‍സിയിലേക്ക്, കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി

പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ തീരുമാനിച്ചതായും ഇതിനുള്ള നടപടികള്‍ തുടങ്ങിയതായും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. നിലവിലെ കടലാസ് കറന്‍സിക്കു പകരം പ്ലാസ്റ്റിക്കോ പോളിമറോ ഉപയോഗിച്ച് കറന്‍സി അച്ചടിക്കാനാണു പദ്ധതി. ഇതിനാവശ്യമായ സാമഗ്രികള്‍ ശേഖരിച്ചു തുടങ്ങിയതായി കേന്ദ്ര ധനകാര്യവകുപ്പ്‌സഹമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ലോക്‌സഭയില്‍ പറഞ്ഞു.
പേപ്പര്‍ കറന്‍സിയില്‍നിന്നു പ്ലാസ്റ്റിക് കറന്‍സിയിലേക്കു മാറുക എന്നത് റിസര്‍വ് ബാങ്കിന്റെ ഏറെ നാളായുള്ള പദ്ധതിയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ പത്തുരൂപ നോട്ടിന്റെ പത്തുലക്ഷത്തോളം പ്ലാസ്റ്റിക് കറന്‍സികള്‍ അഞ്ചുനഗരങ്ങളില്‍ പുറത്തിറക്കുമെന്നു 2014 ല്‍ കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. കൊച്ചി, മൈസൂര്‍, സിംല, ഭുവനേശ്വര്‍ എന്നിവയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്ന നഗരങ്ങള്‍.
പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ക്ക് അഞ്ചുവര്‍ഷത്തെ ആയുസാണ് കണക്കാക്കുന്നത്. ഇതിനെ അനുകരിച്ച് കള്ളനോട്ടുണ്ടാക്കാന്‍ പ്രയാസമായിരിക്കുമെന്നും കരുതുന്നു. പേപ്പര്‍ കറന്‍സിയേക്കാള്‍ വൃത്തിയുള്ളതുമായിരിക്കും ഇത്. കള്ളനോട്ടുകള്‍ തടയുന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലാണ് ആദ്യമായി പ്ലാസ്റ്റിക് കറന്‍സികള്‍ പുറത്തിറക്കിയത്.
നാസിക്കിലെ കറന്‍സി നോട്ട് പ്രസില്‍ അച്ചടിച്ച സുരക്ഷാ ത്രെഡ് ഇല്ലാത്ത ഏതാനും ആയിരം രൂപ നോട്ടുകള്‍ തങ്ങള്‍ക്കു ലഭിച്ചതായി 2015 ഡിസംബറില്‍ റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha



























