തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പോലീസിന്റെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

അപകടത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അന്വേഷണത്തോട് ഡോക്ടര്‍മാര്‍ സഹകരിക്കാത്തതും ബോധ്യപ്പെടുത്തും.
മനുഷ്യാവകാശ കമ്മീഷന്‍ കൊട്ടാരക്കരയില്‍ നടത്തിയ അദാലത്തില്‍ തിരുവനന്തപുരം റേഞ്ച് ഐജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും മെഡിക്കല്‍ കോളേജാശുപത്രിയിലെ ഡോക്ടര്‍മാരെ കുറ്റപ്പെടുത്തിയിരുന്നു. ഡോക്ടര്‍മാര്‍ ജാഗ്രത കാട്ടിയിരുന്നെങ്കില്‍ മുരുകന്‍ രക്ഷപെട്ടേനെയെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
കൂട്ടിരിക്കാന്‍ ആളില്ല, വെന്റിലേറ്ററില്ല, ന്യൂറോസര്‍ജനില്ല എന്നീ കാരണങ്ങള്‍ പറഞ്ഞാണ് സ്വകാര്യ ആശുപത്രികള്‍ മുരുകന് ചികിത്സ നിഷേധിച്ചത്. സംഭവത്തില്‍ ആരോപണവിധേയരായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രികളുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു.
എന്നാല്‍ ഉന്നത ഇടപെടലുകളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയെ മാത്രം കുറ്റക്കാരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ കൂടി ചോദ്യം ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം.
https://www.facebook.com/Malayalivartha



























