നീണ്ട ഇടവേളയ്ക്കുശേഷം കലൈജ്ഞര്‍ വീണ്ടും പഴയ കളരിയിലേക്ക്

ആരോഗ്യനില മോശമായതിനെത്തുടര്‍ന്നു വീട്ടില്‍ വിശ്രമത്തിലായിരുന്ന കരുണാനിധി, തന്നെ കലൈജ്ഞറാക്കിയ പഴയ കളരിയിലേക്ക് വീണ്ടും എത്തി. ഡി.എം.കെ മുഖപത്രമായ മുരശൊലിയുടെ ആസ്ഥാനത്തേക്കു കരുണാനിധി എത്തിയപ്പോള്‍ സഹപ്രവര്‍ത്തകരായിരുന്നവര്‍ക്ക് വികാരനിര്‍ഭര അനുഭവം. കൈകൂപ്പി ചുറ്റും കൂടിയവര്‍ക്ക് സ്‌നേഹസമ്പൂര്‍ണമായ ചിരി സമ്മാനിച്ചു.
വികാരത്തിന്റെ തിരതള്ളലില്‍ വാക്കുകള്‍ ഒഴുകിയെത്തുമെന്ന് തോന്നിയെങ്കിലും ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ അതിന് മുതിര്‍ന്നില്ല. പത്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായ പ്രദര്‍ശനം കാണാനാണ് ഗോപാലപുരത്തെ വീട്ടില്‍നിന്നു മകള്‍ സെല്‍വിക്കൊപ്പം കരുണാനിധി എത്തിയത്. അര മണിക്കൂറോളം കോടമ്പാക്കത്തെ ഓഫിസില്‍ ചെലവഴിച്ചു. മകനും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം നേതാവിനെ സ്വീകരിക്കാനെത്തിയിരുന്നു. പ്രദര്‍ശനത്തിന്റെ ഭാഗമായ ചിത്രങ്ങളും ഓഡിയോ, വിഡിയോ ചിത്രീകരണവും കണ്ട ശേഷമാണു കലൈജ്ഞര്‍ മടങ്ങിയത്.
പതിനെട്ടാം വയസ്സില്‍, 1942ല്‍ ജന്മനാടായ തിരുവാരൂരില്‍ കരുണാനിധി പുറത്തിറക്കിയ ലഘുലേഖയാണു പിന്നീട് തമിഴക രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ തീര്‍ത്ത മുരശൊലി പത്രമായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി കരുണാനിധി പത്രത്തില്‍ എഴുതിയിരുന്ന 'ഉടപ്പിറപ്പേന്‍' എന്ന കോളം ഏറെ ശ്രദ്ധയമായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ആരോഗ്യനില തീര്‍ത്തും മോശമായതോടെയാണു കോളം നിര്‍ത്തിയത്.
പതിറ്റാണ്ടുകളായി കരുണാനിധിയുടെ ദിനചര്യയില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നായിരുന്നു മുരശൊലി ഓഫിസ് സന്ദര്‍ശനം. ആരോഗ്യനില മോശമായതിനെത്തുടര്‍ന്നു ഒരു വര്‍ഷത്തോളമായി അദ്ദേഹം പൊതു ചടങ്ങുകളില്‍ പങ്കെടുക്കാറില്ല. ഗോപാലപുരത്തെ വീട്ടില്‍ നിന്നു പുറത്തിറങ്ങുന്നതു ആശുപത്രികളിലേക്കു മാത്രം. ആരോഗ്യനില മെച്ചപ്പെട്ടുവെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതോടെ അദ്ദേഹം ആദ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് മുരശൊലി ഓഫിസാണ്.
https://www.facebook.com/Malayalivartha



























