മന്ത്രിമാരെ കേസുകളിൽനിന്ന് രക്ഷിക്കാൻ രാജസ്ഥാൻ ബിജെപി സർക്കാർ പുതിയ നിയമം നിർമിക്കാനൊരുങ്ങുന്നു

മന്ത്രിമാരെയും നിയമസഭാംഗങ്ങളെയും കേസുകളിൽനിന്നും രക്ഷിക്കുന്നതിന് രാജസ്ഥാനിലെ ബിജെപി സർക്കാർ പുതിയ നിയമം നിർമിക്കാനൊരുങ്ങുന്നു. സർക്കാരിന്റെ അനുവാദമില്ലാതെ നിയമസഭാംഗങ്ങൾ, മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരെ കേസുകളിൽ ഉൾപ്പെടുത്തുന്നതിനെ തടയുന്നതാണ് പുതിയനിയമം. വസുന്ധര രാജെ സർക്കാർ വിഭാവനം ചെയ്യുന്ന ഈ നിയമം നിയമസഭാംഗങ്ങൾ, മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാതെ, മാധ്യമങ്ങൾ കുറ്റക്കാരെന്ന് ആരോപിക്കപ്പെടുന്നവരുടെ പേര് പ്രസിദ്ധപ്പെടുത്തുന്നതു കുറ്റമാണെന്നു പുതിയ നിയമത്തിലുണ്ട്.
ഈ നിയമവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സർക്കാർ കഴിഞ്ഞ മാസം ഏഴിനു ക്രിമിനൽ നടപടിച്ചട്ടങ്ങളിൽ മാറ്റം വരുത്തി. സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് ഈ നിയമനടപടികൾ ബാധകം. മുൻപ് സർക്കാർ ജീവനക്കാരായിരുന്നവരെയും ഈ നിയമം പിന്തുണയ്ക്കും. തിങ്കളാഴ്ച നിയമം നിയമസഭയിൽ അവതരിപ്പിക്കുമെന്നാണു സൂചന.
200 സീറ്റുകളിൽ 162 സീറ്റുകളും ബിജെപിക്ക് അനുകൂലമാണ്. ഇതിനാൽ എതിർപ്പുകളുണ്ടായാലും നിയമം പാസാക്കാൻ കഴിയും. നിയമത്തിന്റെ പരിധിയിൽ വരുന്നവർക്കെതിരായ പരാതിയിൽ പോലീസ് നടപടിയെടുത്തില്ലെങ്കിൽ സ്വകാര്യ വ്യക്തിക്കു കോടതിയെ സമീപിക്കാൻ കഴിയുമെന്ന ഒഴിവ് നിയമത്തിലുണ്ട്. ആറു മാസത്തിനുള്ളിൽ സർക്കാർ മറുപടി നൽകിയില്ലെങ്കിൽ കേസ് അന്വേഷണത്തിൽ കോടതിക്ക് അനുമതി നൽകാമെന്നാണ് പുതിയ നിയമത്തിൽ വ്യവസ്ഥയുള്ളത്.
https://www.facebook.com/Malayalivartha



























