ജെറ്റ് എയര്‍വേസ് വിമാനത്തിലെ യാത്രക്കാരിയുടെ മൊബൈല്‍ ഫോണിന് തീപിടിച്ചു, അടിയന്തിരമായി വിമാനം തിരികെ ഇറക്കി

ജെറ്റ് എയര്‍വേസ് വിമാനത്തിലെ യാത്രക്കാരിയുടെ മൊബൈല്‍ ഫോണിന് തീപിടിച്ചു. 120 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്കു പോകുകയായിരുന്ന വിമാനം പുക കണ്ടതിനെത്തുടര്‍ന്ന് 15 മിനിറ്റിനുള്ളില്‍ തിരികെ ഇറക്കി.
യാത്രക്കാരിയായ അര്‍പിത ദള്ളിന്റെ ബാഗില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെടുകയും ജീവനക്കാരെ വിളിച്ച് പരിശോധിപ്പിക്കുകയുമായിരുന്നു. ബാഗില്‍ സൂക്ഷിച്ചിരുന്ന ഫോണിന് തീപിടിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഫോണ്‍ വെള്ളത്തില്‍ ഇട്ടത് വലിയ അപകടം ഒഴിവാക്കി. സാംസങ് ജെ 7 മോഡല്‍ ഫോണാണ് ഇവരുടെ ബാഗില്‍ ഉണ്ടായിരുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. തീപിടിച്ച ഫോണിന് പുറമെ മൂന്നു ഫോണ്‍ കൂടി യാത്രക്കാരിയുടെ പക്കലുണ്ടായിരുന്നു.
തീപിടിച്ച ഫോണ്‍ വെള്ളത്തിലിട്ടതിനു പുറമെ സുരക്ഷാ കാരണം ഉന്നയിച്ച് തീപിടിക്കാത്ത ഫോണും വിമാന ജീവനക്കാര്‍ വെള്ളത്തിലിട്ടതായി അര്‍പിതയുടെ ഭര്‍ത്താവ് അതുല്‍ ആരോപിച്ചു.
എന്നാല്‍, പിടിച്ചെടുത്ത ഫോണ്‍ അന്വേഷണത്തിനു ശേഷം മടക്കി നല്‍കുമെന്നു ജെറ്റ് എയര്‍വേയ്‌സ് വക്താവ് അറിയിച്ചു. വിമാനത്തില്‍ അഗ്‌നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha



























