ഓരോ മോഷണം കഴിയുമ്പോഴും പ്‌ളാസ്റ്റിക് സര്‍ജറി നടത്തി ആളു മാറും ; കള്ളനെ തിരിച്ചറിയാതെ വട്ടംകറങ്ങി പോലീസ്

ഓരോ മോഷണം കഴിയുമ്പോഴും പ്‌ളാസ്റ്റിക് സര്‍ജറി നടത്തി പുതിയ മുഖവും പേരുമായി പുതിയ കളവ് നടത്തിയിരുന്ന കള്ളനെ ഒടുവില്‍ പോലീസ് പൊക്കി. പ്രമുഖ വാഹനമോഷ്ടാവ് കുനാല്‍ എന്ന തനൂജ് ആണ് പിടിയിലായത്. ഇങ്ങിനെ ഡല്‍ഹിയും സമീപ സംസ്ഥാനങ്ങളിലുമായി ആള്‍മാറാട്ടത്തിലൂടെ ഇയാള്‍ നടത്തിയത് 500 ലധികം വാഹന മോഷണങ്ങളാണെന്ന് പോലീസ് പറഞ്ഞു.
ഏറെക്കാലമായി ഡല്‍ഹിപോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നെങ്കിലും ഇയാളെ പൊക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പുതിയൊരു വ്യക്തിത്വം സ്വീകരിക്കാനുള്ള ശ്രമത്തിനിടയില്‍ ഒക്‌ടോബര്‍ 13 ന് ഇയാള്‍ കുടുങ്ങുകയായിരുന്നു. കല്‍ക്കജിയില്‍ ഒരു കാര്‍ മോഷണം നടത്തിയ ശേഷം അതുമായി വരുമ്പോള്‍ ബാരിക്കേഡുകള്‍ നിരത്തി പോലീസ് റോഡില്‍ തടസ്സമുണ്ടാക്കിയെങ്കിലും കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പോലീസ് പിന്തുടര്‍ന്ന കീഴ്‌പ്പെടുത്തി. ആഡംബര ജീവിതത്തിനും മയക്കുമരുന്നു സേവയ്ക്കും വേണ്ടിയായിരുന്നു ഇയാള്‍ മോഷണം നടത്തിയിരുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം 100 കാറുകള്‍ മോഷ്ടിച്ചിരുന്ന കുനാല്‍ മോഷണം നടത്തിയ ശേഷം രക്ഷപ്പെട്ടിരുന്നത് ആള്‍മാറാട്ടം വഴിയാണ്. പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ 2012 ലായിരുന്നു പ്‌ളാസ്റ്റിക് സര്‍ജറിക്ക് വിധേയനായത്. തനൂജ് എന്ന പേരിന് പകരം കുനാല്‍ എന്ന പുതിയ പേരും സ്വീകരിച്ചു. പിന്നീട് ഈ പേരിലായിരുന്നു മോഷണം. ഇതിനിടയില്‍ കുനാല്‍ എന്ന പേരിലായിരിക്കെ ഒരിക്കല്‍ പിടിയിലായെങ്കിലും ജാമ്യം നേടി പുറത്തു വന്നു. എന്നാല്‍ ഈ കേസില്‍ തങ്ങള്‍ പിടികൂടിയത് തങ്ങളെ വട്ടം കറക്കുന്ന തനൂജാണെന്ന കാര്യം പോലീസറിഞ്ഞിരുന്നില്ല.
ഷാലിമാര്‍ ഗാര്‍ഡന സ്വദേശിയായ ഇയാള്‍ ചെറുകിട മോഷണങ്ങളിലൂടെയാണ് ക്രിമിനല്‍ ജീവിതം തുടങ്ങിയത്. വളരെ പെട്ടെന്ന് തന്നെ സൂപ്പര്‍ചോര്‍ എന്നറിയപ്പെടുന്ന പെരുങ്കള്ളനായി. 1997 മുതല്‍ വീടുകളില്‍ കയറിയുള്ള മോഷണം തുടങ്ങിയ ഇയാള്‍ പിന്നീടാണ് വാഹന മോഷണങ്ങളിലേക്ക് തിരിഞ്ഞത്. മോഷ്ടാക്കളുടെ വന്‍ സംഘത്തിന്റെ തലവന്‍ കൂടിയായിരുന്നു കുനാല്‍. വിവിധ സ്‌റ്റേഷനുകളിലായി 62 കേസുകള്‍ പേരിലുള്ള ഇയാള്‍ ആഡംബര കാറുകള്‍ മാത്രമാണ് മോഷ്ടിച്ചിരുന്നത്. വീണ്ടും പ്‌ളാസ്റ്റിക്ക് സര്‍ജറി നടത്താനും പദ്ധതിയിട്ടിരുന്നു. ഇയാളുടെ സഹായികളായ ഇര്‍ഷാദ്, മുഹമ്മദ് ഷദാബ് എന്നിവരെയും ഇവര്‍ മോഷ്ടിച്ച 12 കാറുകളും പോലീസ് പിടികൂടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























