കോൺഗ്രസുമായി കൂട്ടുകൂടില്ല; ബി.ജെ.പിയെ അധികാരത്തിൽ നിന്നും ഇറക്കാൻ വേണ്ടതൊക്കെ ചെയ്യുകയും ചെയ്യും; ജിഗ്നേഷ് മേവാനി

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേരില്ലെന്നും എന്നാൽ ബി.ജെ.പിയെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ എന്തുവേണമെങ്കിലും ചെയ്യുമെന്നും ദളിത് നേതാവ് ജിഗ്നേഷ് മേവാനി. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്ന നിലപാടിലാണ് ജിഗ്നേഷ്. ഭരണഘടനാ വിരുദ്ധമായ, ദളിത് വിരുദ്ധമായ, പാട്ടിദാർ വിരുദ്ധമായ, കർഷക വിരുദ്ധമായ, തൊഴിലാളി വിരുദ്ധമായ, യുവജന വിരുദ്ധമായ ബി.ജെ.പി ഭരണം അവസാനിപ്പിക്കാൻ എന്തും ചെയ്യുമെന്നും അതിനുവേണ്ടി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഭരണം അവസാനിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മുപ്പത്താറുകാരനായ ദളിത് സാമൂഹ്യപ്രവർത്തകൻ ആവർത്തിച്ചു. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്നും എക്സ്, വൈ പാർട്ടികൾക്കു വോട്ടു ചെയ്യണമെന്നോ ചെയ്യരുതെന്നോ പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടിക്കാഴ്ച നടത്താനുള്ള കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ക്ഷണം പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ നിരസിച്ചിരുന്നു.
എന്നാൽ കൂടിക്കാഴ്ചക്കുള്ള രാഹുലിന്റെ ക്ഷണം നിരസിച്ചത് ചർച്ചക്ക് താൽപര്യമില്ലാഞ്ഞിട്ടില്ലെന്നും ദളിത് പിന്നോക്ക നേതാക്കളുമായുള്ള ചർച്ച നിശ്ചയിച്ചിട്ടുള്ളതിനാലാണെന്നും ഈ തിരക്കുകൾ കഴിഞ്ഞാൽ കോൺഗ്രസ് ഉപാദ്ധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുമെന്നും ഹാർദിക് പട്ടേൽ വ്യക്തമാക്കി. ഗാന്ധിനഗറിൽ നടക്കുന്ന റാലിക്കിടെ കൂടിക്കാഴ്ച നടത്താനാണ് ഹാർദിക്കിനെ രാഹുൽ ക്ഷണിച്ചിരുന്നത്.
https://www.facebook.com/Malayalivartha



























