രാജസ്ഥാനിലെ വിവാദ ഓര്‍ഡിനന്‍സ് പുനഃപരിശോധിക്കാന്‍ നീക്കം

അഴിമതിക്ക് അനുമതി നല്‍കുന്നതാണെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ രാജസ്ഥാനിലെ വിവാദ ഓര്‍ഡിനന്‍സ് പുനഃപരിശോധിക്കാന്‍ നീക്കം. ഇതിനായി തിങ്കാള്ച രാത്രി വൈകി മുഖ്യമന്ത്രി വസുന്ധര രാജെ മന്ത്രിസഭാ യോഗം വിളിച്ചു. യോഗത്തില്‍ നിയമം പുനഃപരിശോധിക്കാന്‍ പാനലിനെ നിയോഗിക്കാനും തീരുമാനമായി.
മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും അഴിമതി കേസ് അന്വേഷണത്തില്‍ നിന്നും സംരക്ഷണം നല്‍കുകയും മാധ്യമങ്ങളെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തടയുകയും ചെയ്യുന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞമാസമാണ് പുറത്തിറങ്ങിയത്. സര്‍ക്കാറിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ അഴിമതി കേസുകളില്‍ കോടതിക്ക് നിയമനടപടി സ്വീകരിക്കാനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഓര്‍ഡിനന്‍സ്.
സര്‍ക്കാറിന്റെ അനുമതിയില്ലാതെ കുറ്റാരോപിതനായ വ്യക്തിയുടെ പേര് മാധ്യമങ്ങളില്‍ പരാമര്‍ശിക്കുന്നത് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഓര്‍ഡിനന്‍സ് പറയുന്നു. മാധ്യമങ്ങള്‍ക്കെതിരെയുള്ള ഓര്‍ഡിനന്‍സിലെ ഭാഗമാണ് പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്
നിരന്തരമായ പ്രതിഷേധങ്ങളും കോടതിയിലെത്തിയ രണ്ട് പരാതികളും നിലനില്‍ക്കെ കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സ് നിയമസഭയില്‍ സമര്‍പ്പിച്ചിരുന്നു. ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ മൂന്നു ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഓര്‍ഡിനന്‍സ് പാസാക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഓര്‍ഡിനന്‍സ് പുനഃപരിശോധിക്കാന്‍ വസുന്ധര രാജെ തീരുമാനിച്ചതോടെ ബില്ല് സെലക്ഷന്‍ കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആക്ടിവിസ്റ്റുകളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും മാത്രമല്ല, ബി.ജെ.പിയിലെ തന്നെ രണ്ട് എം.എല്‍.എ മാരുടെയും എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയതായിരുന്നു ഓര്‍ഡിനന്‍സ്. അഴിമതി നടത്താന്‍ അനുമതി നല്‍കുന്നതാണ് ഓര്‍ഡിനന്‍സ് എന്നു കാണിച്ച് രണ്ട് പരാതികള്‍ കോടതിക്ക് മുമ്പാകെയും എത്തിയിരുന്നു.
തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha



























