ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

വികസന പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് കമീഷന്‍ ഒത്താശ ചെയ്യുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. രണ്ടു ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പെന്നാണ് സൂചന.
കഴിഞ്ഞതവണ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ഹിമാചലിലെ തീയതി മാത്രമാണ് പ്രഖ്യാപിച്ചത്.
ഗുജറാത്തില്‍ ജൂലൈയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാലാണ് തീയതി പ്രഖ്യാപനം നീട്ടിയതെന്നാണ് കമീഷന്റെ വിശദീകരണം. ഇത് മുഖവിലക്കെടുക്കാന്‍ വിസമ്മതിച്ച കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍, ജനഹിതം എതിരാണെന്ന് മനസ്സിലാക്കി സംസ്ഥാനത്ത് വികസന പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ബി.ജെ.പിക്ക് അവസരം ഒരുക്കുകയാണ് കമീഷന്‍ ചെയ്തതെന്ന് ആരോപിച്ചു. ഇതുസംബന്ധിച്ച വിവാദം രൂക്ഷമായതോടെയാണ് തീയതി പ്രഖ്യാപന സാധ്യത തെളിഞ്ഞത്.
https://www.facebook.com/Malayalivartha



























