പിണറായി സർക്കാരിന്റെ രണ്ടാം വരവ് ഒരു വർഷത്തിന്റെ നിറവിൽ; വികസന മുഖച്ഛായ മാറ്റി മുന്നേറാൻ സർക്കാർ; ബംഗാളിന്റെ പാതയിലാണ് കേരളത്തിലെ സി.പി.എമ്മെന്ന് പ്രതിപക്ഷം; രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് യുഡിഎഫ്

പിണറായി സർക്കാരിന്റെ രണ്ടാം വരവിന് വെള്ളിയാഴ്ച ഒരു വർഷമാകുകയാണ്. മുഖ്യമന്ത്രിയൊഴികെ നേരത്തെ ഉണ്ടായിരുന്ന സകല മന്ത്രിമാരെയും മാറ്റിയാണ് പിണറായി പടയെ സജ്ജമാക്കിയത്. എന്നാൽ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ് യുഡിഎഫ്. സംസ്ഥാന വ്യാപകമായി വിനാശത്തിന്റെ വര്‍ഷമായി ആചരിക്കുവാനാണ് യുഡിഎഫ് പദ്ദതി. യുഡിഎഫ് വൈകിട്ട് നാല് മുതല്‍ ആറ് മണിവരെ 1300 കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ നടത്തുവാനൊരുങ്ങുകയാണ്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സായാഹ്ന ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തും. തൃക്കാക്കര മുനിസിപ്പാലിറ്റിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ കണ്ണൂരിലും ഉമ്മന്‍ ചാണ്ടി തൃശൂരിലും രമേശ് ചെന്നിത്തല ആലപ്പുഴയിലും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും പങ്കെടുക്കുവാനാണ് പദ്ധതിയിടുന്നത്.
അതേസമയം രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ സർക്കാർ വലിയൊരു അഗ്നി പരീക്ഷ നേരിടാൻ പോകുകയാണ്. തൃക്കാക്കര തെരെഞ്ഞെടുപ്പ് വലിയൊരു കടമ്പ തന്നെയാണ്. രണ്ടു വർഷങ്ങൾ പിണറായി സർക്കാരിന്റെ അധികാരം എങ്ങനെയായിരുന്നുവെന്ന കാര്യം ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ച് നിൽക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
വികസന മുഖച്ഛായയിലൂടെ നേടിയെടുക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. പക്ഷേ തീവ്രവലതുപക്ഷ വ്യതിയാനം ചൂണ്ടിക്കാട്ടി ബംഗാളിന്റെ പാതയിലാണ് കേരളത്തിലെ സി.പി.എമ്മെന്ന് പ്രതിപക്ഷം പറയുന്നത്. ഈ രണ്ടു വർഷങ്ങൾക്കിടയിൽ നിരവധി പ്രശ്നങ്ങൾ സർക്കാർ നേരിട്ടു.
ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടി, രണ്ട് വർഗീയ കൊലപാതകങ്ങൾ , മുട്ടിൽ മരം മുറി കേസ്, കെ-റെയിൽ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ സർക്കാർ നേരിട്ട പ്രശ്നങ്ങളാണ്. കെ റെയിൽ ഇപ്പോഴും ഒരു പ്രശ്നമായി തന്നെ തുടരുകയാണ്. എന്തായാലും എല്ലാത്തിനുമിടയിൽ സർക്കാർ രണ്ടാം വാർഷികത്തിലേക്ക് കടക്കുകയാണ്.
https://www.facebook.com/Malayalivartha