ഒരു നൊമ്പരത്തോട് കൂടെയല്ലാതെ രാജീവ് ഗാന്ധിയെ സ്മരിക്കാൻ നമുക്ക് കഴിയില്ല; തന്റെ യുവത്വം രാജ്യത്തിനു പകർന്നു നൽകി ഇന്ത്യയെ സ്വപ്‌നം കാണാൻ പഠിപ്പിച്ച നേതാവാണ് അദ്ദേഹം; ഇന്ന് ഈ രാജ്യത്ത് പടർന്നു പിടിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തോട് തങ്ങളുടെ ജീവിതം കൊണ്ട് പ്രതിരോധം തീർത്തവരാണ് ഇന്ദിരയും രാജീവും അവരുടെ പിൻതലമുറയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഒരു നൊമ്പരത്തോട് കൂടെയല്ലാതെ രാജീവ് ഗാന്ധിയെ സ്മരിക്കാൻ നമുക്ക് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. തന്റെ യുവത്വം രാജ്യത്തിനു പകർന്നു നൽകി ഇന്ത്യയെ സ്വപ്‌നം കാണാൻ പഠിപ്പിച്ച നേതാവായിരുന്നു അദ്ദേഹമെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഒരു നൊമ്പരത്തോട് കൂടെയല്ലാതെ രാജീവ് ഗാന്ധിയെ സ്മരിക്കാൻ നമുക്ക് കഴിയില്ല. തന്റെ യുവത്വം രാജ്യത്തിനു പകർന്നു നൽകി ഇന്ത്യയെ സ്വപ്‌നം കാണാൻ പഠിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. ഏറ്റവും ചെറിയ ഒരു ഭരണകാലയളവിൽ തന്നെ ഇന്ത്യയെ ആധുനികതയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തുകയും ശാസ്ത്ര വളർച്ചയ്ക്ക് ഗതിവേഗം നൽകുകയും ചെയ്ത നേതൃത്വമായിരുന്നു അദ്ദേഹത്തിന്റേത്.
ലോകത്തിലെ എല്ലാ നേതാക്കന്മാരുമായും വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ച അദ്ദേഹം ഇന്ത്യയുടെ വിദേശനയം ഏറ്റവും നന്നായി മുന്നോട്ടു കൊണ്ട് പോയ ഒരു നയതന്ത്രജ്ഞൻ കൂടിയായിരുന്നു. അദ്ദേഹത്തിൻറെ രക്തസാക്ഷിത്വ ദിനത്തിൽ പേരറിവാളന്റെ മോചനം കൂടി ചർച്ച ചെയ്യപ്പെടുന്ന സമയമാണ്. രാജീവിന്റെ മരണം ഉണ്ടാക്കിയ ശൂന്യതയിൽ പോലും അതിന് കാരണക്കാരായവരുടെ കുടുംബത്തിന്റെ ദുഃഖം കൂടി തങ്ങളുടേതാക്കാൻ പോന്ന മാനവികതയുടെ പ്രതീകം കൂടിയാണ് ആ കുടുംബം.
ഏറെ ദുരന്തങ്ങൾ കണ്ട ആ കുടുംബത്തിന് വെറുപ്പിന്റെ ഒരു അംശം പോലുമില്ലാതെ, ഇങ്ങനെ ഒരു നിലപാട് എടുക്കാൻ കഴിയുന്നത് അഹിംസ എന്നത് വാക്കുകൾക്കപ്പുറം അത് അവരുടെ ജീവിതചര്യ ആയത് കൊണ്ടാണ്. ഇന്ന് ഈ രാജ്യത്ത് പടർന്നു പിടിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തോട് തങ്ങളുടെ ജീവിതം കൊണ്ട് പ്രതിരോധം തീർത്തവരാണ് ഇന്ദിരയും രാജീവും അവരുടെ പിൻതലമുറയും. അദ്ദേഹത്തിൻറെ ദീപ്തസ്മരണ ഇന്നും നമുക്ക് ആവേശമാണ്, ഊർജ്ജമാണ്. പ്രണാമം!
https://www.facebook.com/Malayalivartha