യുവാക്കളോട് സർക്കാരിന്റെ യുദ്ധപ്രഖ്യാപനം; പിണറായി വിജയൻ സർക്കാരിന്റെ യുവജന വഞ്ചനയ്ക്കും തൊഴിലില്ലായ്മക്കുമെതിരെ യുവമോർച്ച; ഒക്ടോബർ 13ന് സെക്രട്ടേറിയറ്റ് മാർച്ച്

യുവജനങ്ങളെ അവഗണിക്കുന്ന സംസ്ഥാന സർക്കാർ യുവാക്കളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്നും ക്ഷേത്രം കട്ടുമുടിച്ചും നാട് കൊള്ളയടിച്ചും തുടർഭരണം നടത്തുന്ന പിണറായി വിജയൻ സർക്കാരിന്റെ യുവജന വഞ്ചനയ്ക്കും തൊഴിലില്ലായ്മക്കുമെതിരെ യുവമോർച്ച ഒക്ടോബർ 13ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് വി. മനുപ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യുവജനവഞ്ചനയുടെ നേർസാക്ഷ്യമായ സംസ്ഥാന ഭരണത്തിൽ 29 ശതമാനത്തോളം യുവാക്കൾ തൊഴിലില്ലാത്തവരായിത്തീർന്നിരിക്കുന്നു. ദേശീയ ശരാശരിയെക്കാൾ മൂന്നിരട്ടിയാണിത്. നാളിതുവരെ കേരളത്തിലെ യുവജനങ്ങളുടെ കാര്യശേഷിയെ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു ഭരണസംവിധാനമുണ്ടായില്ല.
പിൻവാതിൽ നിയമനങ്ങളിലൂടെയും കെടുകാര്യസ്ഥതയിലൂടെയും നമ്മുടെ നാട് വലിയ അപകടത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ യുവജനക്ഷേമ ബോർഡും യുവജന കമ്മിഷനും പാർട്ടിപ്രവർത്തകരെ തിരുകിക്കയറ്റാനുള്ള ഒരിടം എന്നതിനപ്പുറം യുവജനങ്ങൾ നേരിടുന്ന ഏതെങ്കിലുമൊരു പ്രശ്‌നത്തെ വ്യക്തമായി അഭിമുഖീകരിക്കുന്നില്ലന്നും മനുപ്രസാദ് കുറ്റപ്പെടുത്തി.
തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയിരുന്നവർ അധികാരസ്ഥാനങ്ങളിലെത്തിയപ്പോൾ അഴിമതിയും ധൂർത്തുമാണ്. കേരളത്തിൽ 47 ശതമാനത്തോളം അഭ്യസ്തവിദ്യരായ യുവതികൾ തൊഴിലില്ലാത്തവരാണ്. സർക്കാർ യുവാക്കളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിപക്ഷവും ഇതിനെല്ലാം ചൂട്ടുപിടിക്കുകന്നു.
ഈ നിയമസഭാ സമ്മേളനത്തിന് ഇടയിൽ യുവാക്കളുടെ വിഷയത്തിൽ സബ്മിഷനോ ഇടപെടലുകളോ ചർച്ചകളോ പോലും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. സർക്കാരിന് ശ്രദ്ധ അമ്പലം വിഴുങ്ങുന്നതിലും സ്വർണം കടത്തുന്നതിലും മാത്രമാണ്. കേരളത്തിൽ അമ്പലക്കൊള്ള മാത്രമല്ല നടക്കുന്നത്. യുവജന ക്ഷേമബോർഡിലും യുവജന കമ്മീഷനിലും അഴിമതിയും കൊള്ളയുമാണ്. മാറേണ്ടത് മുകൾത്തട്ടിലണെന്നും അവിടെ മാറിയാൽ എല്ലാം ശരിയാകുമെന്നും മനുപ്രസാദ് പറഞ്ഞു.
https://www.facebook.com/Malayalivartha