സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം എൽ എമാർ രു കുറ്റവും ചെയ്തിട്ടില്ല; സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റോജി എം. ജോണ്‍, എം. വിന്‍സെന്റ്, സനീഷ് കുമാര്‍ എന്നീ മൂന്ന് എം.എല്‍.എമാരെ സഭ ഗില്ലറ്റിന്‍ ചെയ്ത് അവസാനിപ്പിച്ച ശേഷം സസ്‌പെന്‍ഡ് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. സി.പി.എമ്മുകാരെ പോലെ സഭാ നടപടികള്‍ തടസപ്പെടുത്തുന്ന ഒരു അക്രമമവും കാട്ടിയിട്ടില്ല. സ്പീക്കറെ ആക്രമിക്കുകയോ സ്പീക്കറുടെ ഡയസിലേക്ക് കയറുകയോ ചെയ്തിട്ടില്ല. പ്രതിപക്ഷാംഗങ്ങളെക്കാള്‍ കൂടുതല്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെയാണ് വിന്യസിച്ചത്.
അവര്‍ക്കിടയില്‍ കുടുങ്ങി എം. വിന്‍സെന്റിനും സനീഷ് കുമാറിനും പരിക്കേറ്റു. എന്നിട്ടും ഒരു അക്രമവും നടത്തിയില്ല. സ്പീക്കറും സര്‍ക്കാരും ചേര്‍ന്നുള്ള ഗൂഡാലോചനയാണ് സസ്‌പെന്‍ഷന്‍. ഇന്നലെ മുഖ്യമന്ത്രിയും മന്ത്രിയും റിയാസുമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് അക്രമം ഉണ്ടാക്കാന്‍ ശ്രമിച്ചത്. ഇന്ന് സ്പീക്കറാണ് പ്രകോപനമുണ്ടാക്കിയത്. നിയമസഭ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ ബാനര്‍ പിടിച്ചെടുത്ത് വലിച്ചു കീറാന്‍ നിര്‍ദ്ദേശിച്ചത്. എത്രയോ തവണ കേരളത്തിലെ സി.പി.എം ബാനറും പ്ലക്കാര്‍ഡുകളുമായി നിയമസഭയില്‍ പ്രകടനം നടത്തിയിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ഒരു സ്പീക്കര്‍മാരും ബാനര്‍ വലിച്ചു കീറാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല.
ഡല്‍ഹിയിലും തിരുവനന്തപുരത്തും ഒരു പോലെയാണ്. അക്രമത്തിനും അനീതിക്കും കവര്‍ച്ചയ്ക്കും എതിരായ ശബ്ദം ഉയരുമ്പോള്‍ ആ ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഈ ശബ്ദം ഇല്ലാതാകില്ല, അത് കേരളം മുഴുവന്‍ അലയടിക്കാന്‍ പോകുകയാണ്. സഭ ഗില്ലറ്റിന്‍ ചെയ്ത ശേഷം മൂന്ന് എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തത് തെറ്റായ തീരുമാനമാണ്. നിയമസഭയ്ക്ക് പുറത്തേക്ക് സമരം വ്യാപിപ്പിക്കും. ശബരിമല നിലകൊള്ളുന്ന പത്തനംതിട്ട ജില്ലയില്‍ നിന്നും കേരളം മുഴുവന്‍ ആഞ്ഞടിക്കുന്ന സമരത്തിന് തുടക്കമിടുകയാണ്.
കടകംപള്ളി സുരേന്ദ്രന്റെ വക്കീല്‍ നോട്ടീസ് നിയമപരമായി നേരിടും. ഏത് കോടീശ്വരനാണ് അയ്യപ്പന്റെ ദ്വാരപാലക ശില്‍പം വിറ്റതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറയണമെന്നാണ് ആവശ്യപ്പെട്ടത്. അതിന്റെ ഒന്നാമത്തെ കാരണം ദ്വാരപാലക ശില്‍പങ്ങള്‍ വിറ്റെന്നത് ഹൈക്കോടതിയുടെ നിഗമനമാണ്. ചെന്നൈയില്‍ കൊണ്ടു പോകുന്നതിനിടെ നാല്‍പത് ദിവസം കൊണ്ട് ദ്വാരപാലക ശില്‍പത്തിന്റെ വ്യാജ മോള്‍ഡുണ്ടാക്കി. യഥാര്‍ത്ഥ ദ്വാരപാലക വിഗ്രഹം വലിയൊരു തുകയ്ക്ക് വിറ്റെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.
വാങ്ങിയെ ആളെയും കബളിപ്പിച്ചിട്ടുണ്ട്. കട്ട മുതലാണെന്ന് അയാളോട് പറഞ്ഞിട്ടില്ല. രണ്ടാമത്തെ കാരണം, ഞങ്ങളൊന്നും കുഴപ്പമുണ്ടാക്കിയിട്ടില്ലെന്നും കുഴപ്പം മുഴുവന്‍ ഉണ്ടായത് 2019-ല്‍ ആണെന്നും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പറഞ്ഞതാണ്. അന്നത്തെ ദേവസ്വം മന്ത്രിക്ക് അതില്‍ പൂര്‍ണമായ ഉത്തരവാദിത്തമുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറയില്ലല്ലോ. ഉണ്ണികൃഷ്ണന്‍ പോറ്റിയും കടകംപള്ളി സുരേന്ദ്രനും തമ്മില്‍ അന്നും ഇന്നും നല്ല ബന്ധമുണ്ട്.
ദ്വാരപാലക ശില്‍പം വിറ്റെന്നു പറഞ്ഞത് കോടതിയാണ്. കോടതി വിധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. അന്നത്തെ ദേവസ്വം മന്ത്രിയാണ് കടകംപള്ളി. ഏത് കോടീശ്വരനാണ് ദ്വാരപാലക ശില്‍പം വിറ്റതെന്നത് പറയണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. ദ്വാരപാലക ശില്‍പം വിറ്റതില്‍ അന്നത്തെ ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡിനും ഉത്തരവാദിത്തമില്ലേ?
ഞങ്ങള്‍ വിചാരിച്ചത് സ്വര്‍ണം മാത്രമെ എടുത്തുള്ളൂവെന്നാണ്. എന്നാല്‍ ദ്വാരപാലക ശില്‍പം വില്‍ക്കുകയാണ് ചെയ്തത്. ചെന്നൈയിലേക്ക് കൊണ്ടു പോകുന്നതിനിടെ വ്യാജ മോള്‍ഡുണ്ടാക്കി അതാണ് കൊടുത്തുവിട്ടത്. ഒര്‍ജിനല്‍ ശില്‍പം വിറ്റു. ഏതോ കോടീശ്വരനെ കബളിപ്പിച്ചാണ് വിറ്റത്. ആര്‍ക്കാണ് വിറ്റതെന്ന് അറിയാവുന്നവരോടല്ലേ ചോദിക്കേണ്ടത്. ആ ചോദ്യമാണ് ചോദിച്ചത്.
https://www.facebook.com/Malayalivartha