മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു; ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിച്ച് മകനെ രക്ഷിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

ബിജെപിയുമായി മുഖ്യമന്ത്രി ഒത്തുകളിക്കുന്നത് ഇഡിയുടെ കള്ളപ്പണകേസില്‍ നിന്ന് സ്വന്തം മകനെ രക്ഷിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. മകനും മകളും ഗുരുതരമായ സാമ്പത്തിക കൃത്യങ്ങളില്‍ ആരോപണം നേരിടുന്നു. മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി,ധനകാര്യ മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നത് മക്കള്‍ക്കെതിരായ നിയമനടപടികളില്‍ നിന്ന് രക്ഷപെടുന്നതിന് വേണ്ടിയാണ്.
ബിജെപി മന്ത്രിമാരുമായുള്ള രഹസ്യബന്ധം പിണറായി വിജയന്‍ പരസ്യമാക്കിയിരിക്കുകയാണ്. കേരളത്തിന് കിട്ടേണ്ട സാമ്പത്തികവിഹിതം വെട്ടിക്കുറച്ചിട്ടും മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസത്തിന് നാമമാത്രമായ തുക അനുവദിച്ചിട്ടും ധനസഹായം വായ്പയായി നല്‍കിയിട്ടും കേന്ദ്രത്തിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ പിണറായി വിജയന് മടിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
കള്ളപ്പണക്കേസില്‍ ഇ.ഡി നല്‍കിയ നോട്ടീസില്‍ മുഖ്യമന്ത്രിയുടെ മകന്‍ ഹാജരായിട്ടുണ്ടോ? ഇല്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കാതിരുന്നതെന്ത്?. ഹാജരാകാതിരുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. അങ്ങനെയുള്ള വ്യക്തിയെ അറസ്റ്റ് ചെയ്യാമെന്ന് ഇഡി നല്‍കിയ സമന്‍സിലുണ്ട്. മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിനെതിരായ അന്വേഷണം എവിടെവരെയെത്തിയെന്ന് ഇ.ഡി വ്യക്തമാക്കണം. ഇഡി നോട്ടീസ് നല്‍കിയിട്ടും ഹജരാകാത്ത മകന്റെ നടപടിയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിലിനെ പോലീസ് മനപൂര്‍വ്വമാണ് അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഷാഫി പറമ്പിലിനെ കായികമായി ഇല്ലാതാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം അങ്ങേയറ്റം അപലപനീയമാണ്. ഷാഫി പറമ്പിലിനെ മര്‍ദ്ദിച്ച പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത് അവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. ഷാഫി പറമ്പിലിന് മര്‍ദ്ദനം മേല്‍ക്കുന്ന ദൃശ്യം കേരളം മുഴുവന്‍ കണ്ടതാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെയും പോലീസിന്റെയും ന്യായവാദം നിലനില്‍ക്കുന്നതല്ല.
ഷാഫിയെ ലക്ഷ്യംവെച്ചുള്ള ആക്രമങ്ങള്‍ നിരവധിയായി. ഷാഫി വടകരയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ കാഫിര്‍ വിവാദത്തില്‍ വ്യാജപ്രചരണം നടത്തി. അതവിടത്തെ ജനം തള്ളി അദ്ദേഹത്തെ അവരുടെ ജനപ്രതിനിധിയായി തിരഞ്ഞെടുത്തു.തുടര്‍ന്ന് പാലക്കാട് തിരഞ്ഞെടുപ്പിനിടയിലും വ്യാജ ആരോപണം ഉന്നയിച്ചു. അതും പൊളിഞ്ഞു. അതിന് ശേഷം ഡി എൈ എഫ് ഐ പ്രവര്‍ത്തകര്‍ വടകരയില്‍ വെച്ച് ഷാഫിയെ കയ്യേറ്റം ചെയ്തു. ഒടുവിലെത്തേതാണ് പോലീസിനെ ഉപയോഗിച്ചുള്ള ആക്രമണം. ശബരിമല അയ്യപ്പസന്നിധിയിലെ സ്വര്‍ണ്ണം മോഷ്ടിച്ചവരെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha