വിദേശ നാടുകളില്‍നിന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള പ്രയാസങ്ങള്‍ പരിഹരിക്കണമെന്ന് പ്രവാസികള്‍

വിദേശ നാടുകളില്‍ ജോലിചെയ്യുന്ന പ്രവസികള്‍ അവിടെവച്ച് മരണപ്പെട്ടാല്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുളള പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. കഴിഞ്ഞ ദിവസം യുഎഇയിലെ ഫുജൈറയില്‍ മരിച്ച കോട്ടയ്ക്കല്‍ രണ്ടത്താണി സ്വദേശിയുടെ മൃതദേഹവുമായി ഷാര്‍ജ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഉണ്ടായ തടസ്സവാദങ്ങളാണ് ആശങ്കയ്ക്കിടയാക്കിയതെന്നു സാമൂഹിക പ്രവര്‍ത്തകനായ യുഎഇയിലെ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.
മരണ സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും തയാറാക്കിയിരുന്നു. കോഴിക്കോട്ടേക്കുള്ള വിമാന ടിക്കറ്റും എടുത്താണു ഷാര്‍ജ വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍, മൃതദേഹം വിമാനത്തില്‍ കയറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ രേഖകള്‍ 48 മണിക്കൂറിനകം കോഴിക്കോട് വിമാനത്താവളത്തില്‍ ലഭിക്കണമെന്ന നിര്‍ദേശമാണു ഷാര്‍ജ വിമാനത്താവളം അധികൃതരില്‍നിന്നു ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അതു പതിവില്ലാത്തതാണെന്നറിയിച്ചപ്പോള്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഓഫിസര്‍ നല്‍കിയ സര്‍ക്കുലര്‍ ആണെന്നായിരുന്നു മറുപടി. ഒടുവില്‍ ഷാര്‍ജ വിമാനത്താവളം അധികൃതരുടെ സന്മനസ്സുകൊണ്ടാണു മൃതദേഹം സമയത്തിനു നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതെന്നും പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ഇന്നലെ പ്രതിഷേധവുമായി പ്രവാസികള്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തി. ആശങ്കയ്ക്കു പരിഹാരം ഉണ്ടായില്ലെങ്കില്‍ ഒറ്റക്കെട്ടായി പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നു വിവിധ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
ഹെല്‍ത്ത് ഓഫിസറുമായും മറ്റും ചര്‍ച്ചയും നടത്തി. കേന്ദ്ര ആരോഗ്യ വിഭാഗം പുറത്തിറക്കിയ നിബന്ധനകള്‍ പാലിച്ചാണു മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രവാസികള്‍ ശ്രമിക്കാറുള്ളത്. അതിനായി പ്രയാസങ്ങള്‍ അനുഭവിക്കുന്നതിനിടെയാണു പുതിയ നിബന്ധനകളെന്നും അത്തരം സമീപനങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടി വേണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടു പുതിയ നിബന്ധനകളോ നിര്‍ദേശങ്ങളോ ഇല്ലെന്നും ആശങ്ക പരിഹരിക്കുന്നതിന് ഇന്നു യോഗം വിളിക്കുമെന്നും വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
മൃതദേഹങ്ങള്‍ എത്തിക്കുന്നതിനു പുതിയ നിബന്ധനകള്‍ ഇല്ലെന്നും മൃതദേഹവുമായി വിദേശ നാടുകളില്‍നിന്നു വിമാനത്തില്‍ കയറുന്നതിനു മുന്‍പു കോഴിക്കോട് വിമാനത്താവളത്തില്‍ സന്ദേശം ലഭിച്ചാലും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുമെന്നും കോഴിക്കോട് വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗം ഓഫിസര്‍ ഡോ. പി.പി.മുഹമ്മദ് ജലാലുദ്ദീന്‍ തങ്ങള്‍. 1954-ലെ ഇന്ത്യന്‍ എയര്‍ ക്രാഫ്റ്റ് പബ്ലിക് ഹെല്‍ത്ത് റൂള്‍, 2005ലെ ഇന്റര്‍നാഷനല്‍ ഹെല്‍ത്ത് റൂള്‍ എന്നിവയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനു പാലിക്കുന്നത്. അതനുസരിച്ചു മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നുമുണ്ട്.
പഴയ സര്‍ക്കുലറിന്റെ പകര്‍പ്പു നല്‍കിയത് ജൂണ്‍ 21നാണ്. അതിനുശേഷം 12 മൃതദേഹങ്ങള്‍ നാട്ടിലെത്തി. അടുത്ത ദിവസവും രണ്ടു മൃതദേഹങ്ങള്‍ എത്തിക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുണ്ടായ ആശയക്കുഴപ്പം പരിഹരിക്കുന്നതിന് ഇന്നു കോഴിക്കോട് വിമാനത്താവളത്തില്‍ യോഗം ചേരുമെന്ന് എയര്‍പോര്‍ട് ഡയറക്ടര്‍ ജെ.ടി.രാധാകൃഷ്ണ അറിയിച്ചു. ആരോഗ്യ വിഭാഗവും വിമാനക്കമ്പനി പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പധികൃതരും ഉള്‍പ്പെടുന്ന യോഗമാണു ചേരുന്നത്.
https://www.facebook.com/Malayalivartha