ഖത്തറില്‍ സ്വദേശി ഉത്പന്നങ്ങള്‍ക്ക് പ്രിയമേറുന്നു

ഖത്തറിനെതിരെയുള്ള ഉപരോധത്തെ തുടര്‍ന്ന് വിപണിയില്‍ സ്വദേശി ഉല്‍പന്നങ്ങള്‍ക്കു പ്രിയമേറുകയാണെന്ന് സാമ്പത്തിക വാണിജ്യമന്ത്രാലയം.ഉപരോധം പ്രഖ്യാപിക്കപ്പെട്ട ജൂണ്‍ അഞ്ചിനു തൊട്ടുപിന്നാലെ മന്ത്രാലയം പ്രാദേശിക ഉല്‍പന്നങ്ങള്‍ക്കു വിപണിയില്‍ പരമാവധി വില്‍പനയുറപ്പാക്കാന്‍ പ്രത്യേക പ്രചാരണം നടത്തിയിരുന്നു.
നമുക്കൊരുമിച്ച് ദേശീയോല്‍പന്നങ്ങളെ പിന്തുണയ്ക്കാം എന്ന സന്ദേശവുമായി മന്ത്രാലയം തുടക്കമിട്ട പ്രചാരണത്തെ പ്രവാസികളും സ്വദേശികളും ഒരുപോലെ ഏറ്റെടുക്കുകയാണ് ചെയ്തത്. പ്രാദേശിക ഉത്പന്നങ്ങള്‍ ലോകമെമ്പാടുമുള്ള ഉല്‍പന്നങ്ങളോട് ശക്തമായി മല്‍സരിച്ചു മുന്നേറുന്ന കാഴ്ചയാണ് ഇപ്പോള്‍ വിപണിയില്‍ എവിടെയും. ഭക്ഷ്യവസ്തുക്കളിലടക്കം സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഖത്തര്‍ നേരത്തേ തുടക്കമിട്ടിരുന്നു. ഈ ശ്രമങ്ങള്‍ക്ക് പരമാവധി ആക്കംകൂട്ടാന്‍ ഉപരോധം സഹായകമായി.
സ്വദേശി ഉല്‍പന്നങ്ങള്‍ വര്‍ഷങ്ങളായി വിപണിയില്‍ ലഭ്യമായിരുന്നെങ്കിലും അവ അത്രയ്ക്കു ജനപ്രിയമായിരുന്നില്ല. എന്നാല്‍ ഖത്തറുമായുള്ള ഏക റോഡ് മാര്‍ഗം സൗദി അറേബ്യ അടച്ചതോടെ സ്വദേശികളും പ്രവാസികളും ഒരുപോലെ ദേശീയോല്‍പന്നങ്ങള്‍ ചോദിച്ചു വാങ്ങിത്തുടങ്ങി. ഭക്ഷണശാലകളോടും കാപ്പിക്കടകളോടും സ്വദേശി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാനും സാമ്പത്തിക വാണിജ്യ മന്ത്രാലയം അഭ്യര്‍ഥിച്ചിരുന്നു. മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സ്വദേശി ഉല്‍പന്നങ്ങള്‍ മാളുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും പ്രത്യേക സ്ഥലത്ത് പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതോടെ ദേശീയോല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയായി.
https://www.facebook.com/Malayalivartha