യോഗ്യതാടിസ്ഥാനത്തിലുള്ള വീസ സമ്പ്രാദയം നടപ്പാക്കാനുള്ള നിയമനിർമാണത്തിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉയർന്ന യോഗ്യതകളുള്ള സാങ്കേതിക വിദഗ്ധർക്കു പുതിയ കുടിയേറ്റനിയമം ഗുണംചെയ്യുമെന്നു പ്രതീക്ഷ

വാഷിങ്ടൻ∙; പത്തുവർഷത്തിനകം കുടിയേറ്റം പകുതിയായി കുറയ്ക്കുകഎന്ന ലക്ഷ്യത്തോടെ യോഗ്യതാടിസ്ഥാനത്തിലുള്ള വീസ സമ്പ്രാദയം നടപ്പാക്കാനുള്ള നിയമ നിർമാണത്തിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകി. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും സാങ്കേതിക വിദഗ്ധർക്കും മാത്രം വീസ അനുവദിക്കുന്ന നിയമമമാണു വരിക. റിഫോമിങ് അമേരിക്കൻ ഇമിഗ്രേഷൻ ഫോർ സ്ട്രോങ് എംപ്ലോയ്മെന്റ് (റെയ്‌സ്) ആക്ട് നിലവിലുള്ള വീസ സമ്പ്രദായം സമഗ്രമായി പൊളിച്ചെഴുതും.
ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനം, വിദ്യാഭ്യാസം, ഉയർന്ന ശമ്പളമുള്ള ജോലി, പ്രായം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചശേഷം ലഭിക്കുന്ന പോയിന്റുകളുടെ അടിസ്ഥാനത്തിലായിരിക്കും ഗ്രീൻ കാർഡ് അടക്കം അനുവദിക്കുക. പ്രതിവർഷം ഗ്രീൻ കാർഡ് അപേക്ഷകരിൽനിന്നു നറുക്കിട്ടെടുക്കുന്ന അരലക്ഷത്തോളം പേർക്കു സ്ഥിരതാമസാനുമതി നൽകുന്ന വീസാ ലോട്ടറി സമ്പ്രദായം നിർത്തലാക്കാനും തീരുമാനിച്ചു. അമേരിക്കൻ പൗരൻമാർക്കു കൂടുതൽ തൊഴിലവസരം ഉറപ്പാക്കാൻ പുതിയ വീസാവ്യവസ്ഥകൾ സഹായിക്കുമെന്നും. കുടിയേറ്റക്കാർക്കു സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതും തടയുമെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉയർന്ന യോഗ്യതകളുള്ള സാങ്കേതിക വിദഗ്ധർക്കു പുതിയ കുടിയേറ്റനിയമം ഗുണംചെയ്യുമെന്നാണു പ്രതീക്ഷ. പ്രതിവർഷം 11 ലക്ഷം കുടിയേറ്റക്കാരാണ് അമേരിക്കയിലെത്തുന്നത്. നിലവിലുള്ള പകുതിയോളം നിയമവിധേയ കുടിയേറ്റക്കാരും സാമൂഹികസുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. എന്നാൽ രാജ്യത്തെത്തുന്ന 15 കുടിയേറ്റക്കാരിൽ ഒരാൾക്കു മാത്രമാണ് അർഹമായ തൊഴിൽ യോഗ്യതയുള്ളത് – വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ റിപ്പബ്ലിക്കൻ സെനറ്റർ ടോം കോട്ടൻ പറഞ്ഞു. എന്നാൽ, നിലവിലുള്ള രൂപത്തിൽ ബിൽ യുഎസ് കോൺഗ്രസിൽ പാസാകാൻ സാധ്യതയില്ലെന്നാണു വിലയിരുത്തൽ.
https://www.facebook.com/Malayalivartha