സൗദി വ്യോമയാന മേഖലയില്‍ ഊര്‍ജിത സ്വദേശിവത്കരണം; 80 ശതമാനം പൈലറ്റുമാരും സ്വദേശികള്‍ , വിദേശികൾക്ക് തിരിച്ചടി

റിയാദ്: സൗദി വ്യോമയാന മേഖലയില്‍ ഊര്‍ജിത സ്വദേശിവത്കരണം നടപ്പാക്കി വരികയാണെന്ന് സൗദി എയര്‍ലൈന്‍സ് മേധാവി സാലിഹ് അല്‍ജാസിര്‍ പറഞ്ഞു. സൗദി എയര്‍ലൈന്‍സില്‍ നിലവില്‍ സേവനത്തിലുള്ള 2000 പൈലറ്റുമാര്‍, സഹപൈലറ്റുമാര്‍ എന്നിവരില്‍ 1600 പേരും സ്വദേശികളാണ്. എയര്‍ലൈന്‍സ് ആരോഗ്യ രംഗത്ത് 64 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിക്കഴിഞ്ഞു. സ്വദേശികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നതാണ് വ്യോമയാന തൊഴില്‍ മേഖല എന്നും അല്‍ജാസിര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം പുതുതായി നിയമിച്ച 100 പൈലറ്റുമാരില്‍ 93 പേരും സ്വദേശികളാണ്. പൈലറ്റ് ജോലിക്ക് പുറമെ എയര്‍ലൈന്‍ എഞ്ചിനിയര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, എയര്‍ ഹോസ്റ്റസ്, വിമാനത്താവള ജോലിക്കാര്‍, സേവനത്തിലുള്ളവര്‍, പബ്ളിക് റിലേഷന്‍വിഭാഗം എന്നിവയിലും സ്വദേശികളുടെ അനുപാതം തൃപ്തികരമായ രീതിയില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ മേഖലയിലെ ഉപരിപഠനത്തിന് വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് സൗദി എയര്‍ലൈന്‍സ് 3000 സ്വദേശികളെ വിദേശത്തേക്ക് അയച്ചിട്ടുണ്ട്. അടുത്ത വര്‍ഷങ്ങളില്‍ സ്വദേശികളുടെ അനുപാതം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി 2020ല്‍ സൗദി എയര്‍ലൈന്‍സിന് 200 വിമാനങ്ങളുണ്ടാവുമെന്നാണ് കണക്ക്. ഈ വിമാനങ്ങളുടെ സര്‍വീസിന് ആവശ്യമായ എണ്ണം ജോലിക്കാരെയും സ്വദേശികളില്‍ നിന്ന് നിയമിക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.
https://www.facebook.com/Malayalivartha