കോരിയെടുക്കുന്തോറും നിറയുന്ന സ്‌നേഹത്തിന്‍ ചോലയാണ് ഈ അച്ഛനും! പ്രൗഢിയോടെ മകന്റെ വിവാഹം നടത്തിക്കൊടുത്തു, വധുവിനെ വേണമെന്ന് അവന്‍ നിര്‍ബന്ധം പിടിച്ചില്ല, അവന് കുതിരപ്പുറത്തേറി താളവാദ്യങ്ങളോടെ വരണമെന്നേ ഉണ്ടായിരുന്നുള്ളൂ ആഗ്രഹം... കണ്ണീരിന്റെ നനവുള്ള ആ കഥ!

ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിലെ ആ വിവാഹത്തിന് ഒരു ഗുജറാത്തി വിവാഹത്തിന്റെ എല്ലാം പ്രൗഢിയും ഉണ്ടായിരുന്നു. വരന്റെ ഗാംഭീര്യത്തോടെ സ്വര്‍ണ്ണനിറത്തിലുള്ള ഷെര്‍വാണിയും തലപ്പാവും ധരിച്ച് കുതിരപ്പുറത്തേറിയാണ് അജയ് ബറോത്ത് എത്തിയത്. സംഗീതും മെഹന്ദിയുമൊക്കെയായി കുടുംബാംഗങ്ങള്‍ ചടങ്ങ് പൊടിപൊടിച്ചു. പക്ഷെ ഒരു കാര്യം മാത്രം ഈ വിവാഹാഘോഷത്തില്‍ ഇല്ലായിരുന്നു- വധു!
ഇരുപത്തിയേഴുകാരനായ ഭിന്നശേഷിക്കാരനായ മകന്, അവന്‍ ആഗ്രഹിക്കുന്ന ഏറ്റവും നല്ല സമ്മാനം നല്‍കാന്‍ അവന്റെ അച്ഛന്‍ ആഗ്രഹിച്ചതിന്റെ ഫലമാണ് അപൂര്‍വ്വമായ ഈ വിവാഹാഘോഷം.
ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ചുപോയ അജയ്യെ അച്ഛനാണ് വളര്‍ത്തിയത്. ചെറുപ്പത്തില്‍ തന്നെ പഠനവൈകല്യങ്ങളും അനുബന്ധ പ്രശ്‌നങ്ങളും അജയ്ക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഔപചാരിക വിദ്യാഭ്യാസം അജയ്ക്ക് ലഭിച്ചിരുന്നില്ല.
യുവാവായതോടെ ഏതെങ്കിലും വിവാഹാഘോഷത്തിന് പോകുമ്പോള്‍ അജയ് അച്ഛനോട് ചോദിക്കും എപ്പോഴാണ് എന്റെ വിവാഹം വരിക, എന്നാണ് ഇതുപോലെ കുതിരപ്പുറത്ത് ആനയിക്കുക എന്നൊക്കെ. ഭിന്നശേഷിക്കാരനായ മകന് ഒരു വധുവിനെ കണ്ടുപിടിക്കുന്നത് പ്രയാസമേറിയ കാര്യമാണെന്ന് ഈ അച്ഛന് ബോധ്യമുണ്ടായിരുന്നു.
പ്രായം കൂടുന്തോറും അജയ്യുടെ ആഗ്രഹവും വാശിയും കൂടിവന്നതോടെ മകനെ സന്തോഷിപ്പിക്കാനായി ഒരു യഥാര്‍ഥ വിവാഹം നടത്തുന്ന എല്ലാ പ്രൗഢിയോടും കൂടി തന്നെ മകന്റെ വിവാഹ ഘോഷയാത്ര നടത്താന്‍ ഈ പിതാവ് തീരുമാനിക്കുകയായിരുന്നു. 800-ല്‍ അധികം ആളുകള്‍ പങ്കെടുത്ത ചടങ്ങിന് ഏകദേശം രണ്ട് ലക്ഷം രൂപയോളമാണ് ചെലവായത്.
https://www.facebook.com/Malayalivartha