പരിഹാസ്യമാവുന്ന മാധ്യമപ്രവര്‍ത്തനം

സരിതയെ സ്റ്റുഡിയോ ഫ്‌ളോറിലെത്തിച്ച് ഡാന്‍സ് ചെയ്യിപ്പിച്ച് കേരളത്തെ രോമാഞ്ചം കൊള്ളിച്ച ഏഷ്യാനെറ്റ്, തലതെറിച്ച പത്രപ്രവര്‍ത്തനത്തിന്റെ വഴിയേ വീണ്ടും. ദുബായില്‍ നിന്നും അരമണിക്കൂര്‍ നീണ്ട ബിജു രമേശിന്റെ അഭിമുഖം. പുറകേ പി.സി.ജോര്‍ജ്ജിന്റെ തെറിയഭിഷേകം. വൈകുന്നേരങ്ങള്‍ കൊഴുപ്പിക്കാന്‍ വ്യക്തിഹത്യ.
കോഴ, തെരഞ്ഞെടുപ്പുഫണ്ട് അങ്ങിനെ വിശദീകരണങ്ങളെന്തുമാകട്ടെ. അനീതി നടന്നുവെങ്കില്‍ നിയമപരമായ നടപടിക്രമങ്ങളുണ്ട്, കോടതികളുണ്ട്. അതിനുപകരം ബാര്‍ലോബിയുടെ ഗുണ്ടായിസവും, വ്യക്തിഹത്യ നടത്തിയുള്ള രാഷ്ട്രീയ വിലപേശലും കേരളം തിരിച്ചറിയുന്നു. കല്ലെറിയുന്നവന്റെ രാഷ്ട്രീയവും ചരിത്രവും എന്തുമാകട്ടെ. അതിന് വര്‍ഗീയത തിളപ്പിച്ച് സ്വാര്‍ത്ഥത കൊയ്യാനിറങ്ങുന്നവര്‍ക്ക് മാധ്യമങ്ങള്‍ എരിതീ പകരുന്നു.
ഏഷ്യാനെറ്റ് ഇന്റര്‍വ്യൂവില്‍ ബിജു രമേശ് 20 കോടിയുടെ ചരിത്രമാവര്‍ത്തിക്കുന്നു. എല്ലാവരുടെയും പേരു പുറത്തു പറഞ്ഞാല്‍ എല്ലാവരും എതിരാകുമെന്നു ഭയപ്പെടുന്നു എന്നും പറയുന്നു. മുന്‍പ് 1 കോടിയുടെ കോഴയാരോപണം ഉണ്ടായപ്പോള്‍ അന്വേഷണാവശ്യവുമായി ഗവണ്‍മെന്റിന് കത്തെഴുതിയ അച്യുതാനന്ദന്‍ എവിടെപ്പോയി ? ബ്ലാക്‌മെയില്‍ തന്ത്രത്തിലൂടെ കെ.എം.മാണിയെ ഒറ്റപ്പെടുത്തി അക്രമിക്കുന്നതിലെ ധാര്‍മ്മികതയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.
ഇവിടെ നടക്കുന്നത് പണ്ട് നാല്‍ക്കവലകളില്‍ പോസ്റ്ററൊട്ടിച്ച് മാനഹാനി വരുത്തുന്ന കവലച്ചട്ടമ്പികള്‍ ഇന്ന് സ്റ്റുഡിയോ റൂമിന്റെ എ.സി. കുളിര്‍മയിലിരുന്നു കൊച്ചുപിച്ചാത്തി ചൂണ്ടുന്നു, വിരട്ടുന്നു, ഗുണ്ടായിസം കാണിക്കുന്നു. അവതാരകന്മാരുടെ അല്‍പത്തരവും നിലവാരത്തകര്‍ച്ചയും വ്യക്തിഹത്യയെന്ന സാഡിസത്തില്‍ വിജയം കണ്ടെത്തുന്നു. വികലമായ ഈ കയ്യടികള്‍ നമ്മുടെ സംസ്‌കാരത്തിന്റെ പുഴുക്കുത്തലുകളാണ്.
20 കോടി പെട്ടികളില്‍ കെട്ടിയടുക്കി നിയമവും, നയവും വിലയ്ക്കുവാങ്ങാനിറങ്ങിയവരാണോ? ഇനിയും തെളിയിക്കപ്പെടേണ്ട അരോപണങ്ങളില്‍ പെട്ടുഴലുന്നവരാണോ യഥാര്‍ത്ഥ കുറ്റവാളികള്‍. ഇവിടെ വിധിക്കപ്പെടുന്നവനാര് ? വിധിയെഴുതുന്നവനാര് ?
ആക്ഷേപത്തിന്റെ മുള്‍മുനയില്‍ ഭരണക്കാരെ നിര്‍ത്തി, മാധ്യമ പിന്തുണയോടെ വിലപേശല്‍ നാടകങ്ങള്‍ കൊഴുക്കുമ്പോള്‍ ഒരു സംശയം നിങ്ങള്‍ മാധ്യമങ്ങള്‍ (ചിലതുമാത്രം) എന്താണ് ലക്ഷ്യമിടുന്നത്. ബാര്‍നയം തിരുത്തി ബാറുകള്‍ പുന:സ്ഥാപിക്കണോ ?
ഇതല്ല മാധ്യമധര്‍മ്മം. ഉളുപ്പില്ലാത്ത ഈ വാര്‍ത്താവതരണമല്ല ബ്രേക്കിംഗ് ന്യൂസ്, സരിതാ നായരുടെ ഡയറിക്കുറിപ്പുകളിലെ ജിജ്ഞാസ, ഒളിക്കാമറ രഹസ്യങ്ങള്‍- ബിജു രമേശിലൂടെ ഇവയൊക്കെയല്ലേ ആവര്‍ത്തിക്കപ്പെടുന്നത്.
കരിവാരിത്തേക്കുന്ന മാധ്യമ ജീര്‍ണ്ണതയുടെ നാറുന്ന മുഖം അരോചകമാകുന്നു. ഈ വിലപേശലുകള്‍ക്കു പിന്നിലെന്തെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. സ്റ്റുഡിയോ ഫ്‌ളോറില്‍ അഭിസാരികയോ, കൊള്ളക്കാരോ, ഗുണ്ടകളോ ആരായാലും പ്രശ്‌നമില്ല അവര്‍ക്കു വിപണിമൂല്യം കൊടുത്ത് ചില വിഗ്രഹങ്ങള്‍ക്കു നേരെ കല്ലെറിയിപ്പിക്കുക. അരിശം തീര്‍ക്കാന്‍ മുഖത്തു തുപ്പിക്കുക. അവര്‍ വിസര്‍ജ്ജിക്കുന്നതും, തുപ്പുന്നതും വാര്‍ത്തയാക്കി ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുക.
വൈകുന്നേരങ്ങളിലെ ചാനല്‍ ചര്‍ച്ചയുടെ നിലവാരമില്ലായ്മ. ന്യൂസ് ചാനലുകളുടെ ആശയ ദാരിദ്രം കഷ്ടം തന്നെ. മദ്യലോബികളുടെ കച്ചവട താത്പര്യത്തിനായി വളയ്ക്കുവാനും ഒടിയ്ക്കുവാനും നിങ്ങള്‍ക്കു നാണമില്ലേ ?
മദ്യ നിര്‍മ്മാതാക്കള്‍ മദ്യനയം അട്ടിമറിക്കാന്‍ ഇപ്പോള്‍ ഇവിടെയൊഴുക്കുന്ന കോടികള്‍ ആരുടെയൊക്കെ കൈകളിലെത്തി ? ആ ചര്‍ച്ചകള്‍ വെളിച്ചത്തു കൊണ്ടുവന്ന് രാഷ്ട്രത്തിനും രാഷ്ട്രീയത്തിനും ഗുണപരമായ മാറ്റമാണ് മാധ്യമ ധര്‍മ്മം കൊണ്ടുദ്ദേശിക്കുന്നത്.
കെ.എം.മാണിയെന്ന നേതാവിന്റെ വ്യക്തിഹത്യയ്ക്കു പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. കെ.ബാബുവിന്റെയും, അടൂര്‍ പ്രകാശിന്റെയും പിന്തുണയുണ്ടോ ? കോണ്‍ഗ്രസ് ഗ്രൂപ്പുണ്ടോ ? സാമുദായിക താത്പര്യമുണ്ടോ ? ഇതിനെല്ലാമുപരി കച്ചവട താത്പര്യമുണ്ടോ ? ബാര്‍ലോബി എക്കാലത്തും ഇങ്ങനെയൊക്കെയായിരുന്നു. അനുനയത്തില്‍ ആദ്യം സംസാരിക്കും, പിന്നെ പണം കൊടുക്കും എന്നിട്ടും ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ ഭീക്ഷണിപ്പെടുത്തും, അപമാനിക്കും ചിലപ്പോള്‍ കൊല്ലും.
ഈ മാഫിയ സംസ്‌ക്കാരത്തിന്റെ ആധുനിക ധ്വനികളാണ് ചാനല്‍ മുറികളില്‍ മുഴങ്ങുന്നത്. സ്വാര്‍ത്ഥതയും, സൗഹൃദങ്ങളും, പണവും യഥേഷ്ടം കളത്തിലിറക്കിക്കളിച്ച് പുതിയ ഭീഷണികള്‍ ആവര്‍ത്തിക്കപ്പെടുന്ന വ്യക്തിഹത്യകള്‍. ഇത് കോടതിമുറിയല്ല. വാര്‍ത്താവതരണത്തില്‍ കേരളത്തിലെ ചാനലുകളും, പത്രങ്ങളും വ്യത്യസ്ത ശൈലിയാണ് പൊതുവെ സ്വീകരിക്കാറുള്ളത്. എന്നാല്‍ ബാര്‍കോഴ വിവാദത്തില്‍ അവരുടെ സ്വതന്ത്രശൈലി നഷ്ടമായോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഒരു കോക്കസ് മെനഞ്ഞെടുക്കുന്ന കഥകളും, തിരക്കഥയും കൃത്യമായി ആസൂത്രണം ചെയ്യപ്പെടുന്നുവോ എന്ന സംശയവും ബലപ്പെടുന്നു. ബാര്‍ അസോസിയേഷന്‍ മീറ്റിംഗില്‍ ചില മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്തിട്ടുണ്ട് എന്ന നേതാവിന്റെ പ്രസംഗം ഒരു മാധ്യമ കോക്കസിലേക്ക് - വിരല്‍ ചൂണ്ടുന്നു.
സമൂഹമാദരിക്കുന്ന വ്യക്തികള്‍ക്കുനേരെ കല്ലെറിയാന്‍ അതിനു യോഗ്യതയില്ലാത്തവരെ നിങ്ങള്‍ മാധ്യങ്ങള്‍ അനുവദിക്കരുത്. മുന്‍പ് വെള്ളാപ്പള്ളി നടേശന്‍ കോടികളുടെ അഴിമതി നടത്തിയെന്നും സി.ബി.ഐ. അന്വേഷണം നടത്തണമെന്നും. തെളിവുകള്‍ മുഴുവന്‍ കയ്യിലുണ്ടെന്നും ചാനലുകളിലൂടെ വിളിച്ചു പറഞ്ഞ ബിജു രമേശ് ചുരങ്ങിയ കാലംകൊണ്ട് വെള്ളാപ്പള്ളിയുമായി സന്ധിയിലേര്‍പ്പെട്ടു. ഇന്നു വെല്ലുവിളിക്കുന്നത് കെ.എം.മാണിയേ. ഇതു വെറും കച്ചവട തന്ത്രം. മാധ്യമങ്ങള്‍ നാളെ ഇളിഭ്യരാകരുത്. ഈ വാര്‍ത്താവതരണങ്ങള്‍ യു ട്യൂബ് റിക്കോര്‍ഡായുണ്ട്. യോഗ്യതയുള്ളവര്‍ കല്ലെറിയട്ടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha