തെരുവില്‍ രാപ്പാര്ക്കുന്നവര്ക്കു പുനരധിവാസം ഒരുക്കിയ 'ഓപ്പറേഷന് ലവ്' പദ്ധതിയുമായി സജി ചെറിയാന് എംഎല്‍എ
ചെങ്ങന്നൂരില്‍ ശനിയാഴ്ച വൈകിട്ടാണു തെരുവില്‍ കഴിയുന്നവരെ പ്രത്യേക കേന്ദ്രത്തില്‍ താമസിപ്പിക്കാനുള്ള ശ്രമം സജി ചെറിയാന് എംഎല്‍എ തുടങ്ങിയത്. ആല്‍ത്തറ ജംക്ഷനില്‍ കടത്തിണ്ണയില്‍ കണ്ട വയോധികനെ ഏറ്റെടുത്തായിരുന്നു തുടക്കം. ഇക്കാര്യം സൂചിപ്പിച്ച് എംഎല്‍എ തന്റെ ഫെയ്സ്ബുക്ക് പേജിലിട്ട പോസ്റ്റ് മണിക്കൂറുകള്‍ക്കകം വൈറലായി.
'ഓപ്പറേഷന് ലവ്' പദ്ധതി തെരുവില്‍ രാപ്പാര്ക്കുന്നവര്ക്കു പുരനധിവാസകേന്ദ്രം ഒരുക്കിയത് ഞൊടിയിടയില്‍. ഒറ്റദിവസം കൊണ്ടു 19 പേരെയാണു പുലിയൂര് കുളിക്കാംപാലത്തു ബ്ലോക്ക് പഞ്ചായത്ത് പ്രീമെട്രിക് ഹോസ്റ്റലില്‍ സജ്ജീകരിച്ച അഭയകേന്ദ്രത്തിലേക്കു മാറ്റിയത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക്, ചെങ്ങന്നൂര്‍ എസ്ഐ. എസ്.വി. ബിജു, മാന്നാര്‍ എസ്ഐ എല്‍. മഹേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. സന്നദ്ധ പ്രവര്‍ത്തകരും ഒപ്പം കൂടി. ചെങ്ങന്നൂരില്‍ നിന്നു മാന്നാറിലേക്കും കൊല്ലകടവിലേക്കും ചെന്നിത്തലയിലേക്കുമൊക്കെ തിരച്ചില്‍ നീണ്ടു.
ചെങ്ങന്നൂര്‍, മാന്നാര്‍, കൊല്ലകടവ് തുടങ്ങി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഇന്നലെ പുലര്‍ച്ചെ 3-മണി വരെ യാചകര്‍ ഉള്‍പ്പെടെയുള്ളവരെ ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചു വൈദ്യപരിശോധന നടത്തി. ചികിത്സയും മരുന്നും നല്കി. കാലിനു പരുക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ബാക്കി 18 പേരെ ഹോസ്റ്റലിലേക്ക് മാറ്റുകയും ചെയ്തു.
ഇവിടെ 50 കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹോസ്റ്റലിലെ ശുചിമുറികളും തുറന്നു നല്കി. ഭക്ഷണമൊരുക്കാനായി പലചരക്കും പച്ചക്കറികളും എത്തിച്ചു. പാചകത്തിനും ആളെ ഏര്‍പ്പാടാക്കി. ലോക്ഡൗണ്‍ കഴിഞ്ഞാലും ഇവരെ പ്രത്യേക കേന്ദ്രത്തില്‍ സംരക്ഷിക്കുമെന്നും സര്‍ക്കാര്‍ സംവിധാനത്തില്‍ ഇതിനായി ശ്രമിക്കുമെന്നും സജി ചെറിയാന് പറഞ്ഞു.
https://www.facebook.com/Malayalivartha