സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സംസ്ഥാനത്തെ പൊലീസ് ക്യാംപുകളില്‍ മുടിവെട്ടലും ഷേവിങ്ങും സജീവം
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുമുള്ള ആംഡ് റിസര്‍വ് പൊലീസ് ക്യാംപുകളിലും സംസ്ഥാനത്തെ 6 ബറ്റാലിയനുകളിലും സംസ്ഥാനത്തെ പൊലീസ് അക്കാദമിയിലുമെല്ലാമായി നൂറിലേറെ പൊലീസ് ബാര്‍ബര്‍മാരാണ് ജോലി ചെയ്യുന്നത്.
കോവിഡ് 19 പ്രതിരോധത്തിന്റെ പേരില്‍ സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകളെല്ലാം അടഞ്ഞു കിടക്കുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സംസ്ഥാനത്തെ പൊലീസ് ക്യാംപുകളില്‍ മുടിവെട്ടലും ഷേവിങ്ങും സജീവം.
20 മുതല്‍ 30 പേരുടെ മുടിയാണ് ഓരോ ക്യാംപിലെയും പൊലീസ് ബാര്‍ബര്‍മാര്‍ ലോക്ഡൗണിനു മുന്‍പ് വെട്ടിയിരുന്നതെങ്കില്‍ ഇപ്പോഴത് 50 മുതല്‍ 60 വരെ ആയി വര്‍ധിച്ചിട്ടുണ്ട്.
ലോക്ഡൗണ്‍ കാലത്തിനു മുന്‍പ് ഇവര്‍ക്ക് അതതു ക്യാംപുകളിലെ പൊലീസുകാരുടെ മുടി വെട്ടിയാല്‍ മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരും മുടിവെട്ടാനായി ക്യാംപുകളിലാണ് എത്തുന്നത്.
ചില പൊലീസ് ഉദ്യോഗസ്ഥര്‍ കുടുംബാംഗങ്ങളെയും മുടി വെട്ടിക്കാന്‍ ക്യാംപില്‍ എത്തിക്കുന്നതായി ആരോപണമുണ്ട്.
ക്യാംപുകളിലും ബറ്റാലിയനുകളിലും പൊലീസ് അക്കാദമിയിലുമുള്ള പൊലീസുകാര്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കാര്യമായി പുറത്തിറങ്ങുന്നില്ലെങ്കിലും വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാര്‍ ക്യാംപുകളില്‍ മുടി വെട്ടാന്‍ എത്തുന്നത് രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ഒരേ ഉപകരണങ്ങളും തുണിയുമാണ് എല്ലാവര്‍ക്കുമായി ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha