പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ ഗൂഢനീക്കവുമായി നവജ്യോത് സിങ് സിദ്ദു; സിദ്ദു- അമരീന്ദര്‍ പോരില്‍ ഇടപെടാതെ കോണ്‍ഗ്രസ് ഹൈക്കമാന്റ്; സിദ്ദു കോണ്‍ഗ്രസ് വിടുമെന്നും സൂചന
ഇങ്ങനെ പോയാല്‍ പഞ്ചാബിലും കോണ്‍ഗ്രസ് മുക്തമാകുമെന്നാണ് തോന്നുന്നത്. അത് പക്ഷേ ബി.ജെ.പിയുടെ മിടുക്കുകൊണ്ട പാളയത്തിലെ പട കൊണ്ടായിരിക്കുമെന്നുമാത്രം. നിയമസഭ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ പഞ്ചാബ് കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ പുകയുകയാണ്.
മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ വിമര്‍ശകര്‍ അദ്ദേഹത്തിനെതിരെ മുന്നണി രൂപീകരിക്കാന്‍ ഒരുങ്ങുന്നതായാണ് വിവരം. മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ വിമര്‍ശകനായ നവജ്യോത് സിങ് സിദ്ദു ഒരുപറ്റം എംഎല്‍എമാരുമായും മന്ത്രിമാരുമായും ഇതിനുവേണ്ടി ചര്‍ച്ചകള്‍ നടത്തുകയാണെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുന്‍ പിസിസി അധ്യക്ഷന്‍ പ്രതാപ് സിങ് ബാജ്വയും കോണ്‍ഗ്രസിന്റെ രാജ്യസഭ എംപി ഷംഷേര്‍ സിങ്ങും നടത്തുന്ന ചെറു വിമര്‍ശനങ്ങള്‍ ഒഴിച്ചാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി അമരീന്ദറിനെതിരെ ഒറ്റയ്ക്കു യുദ്ധം നയിക്കുകയാണ് സിദ്ദു. സിഖ് മതഗ്രന്ഥത്തെ അപമാനിച്ചെന്ന ബര്‍ഗാരി കേസിലെയും തുടര്‍ന്ന് കോട്കാപുരയിലുണ്ടായ പൊലീസ് വെടിവയ്പ്പിലെയും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മയക്കുമരുന്ന് മാഫിയയ്ക്കു തടയിടാനും മുഖ്യമന്ത്രിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാകും ഇവരുടെ തീരുമാനം എന്നാണ് വിവരം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ വിഷയം ഇവയായിരുന്നു. ഇവയെച്ചൊല്ലി അമരീന്ദറിന്റെ മന്ത്രിസഭയില്‍തന്നെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
നേരത്തെ നവ്ജോത് സിങ് സിദ്ദുവിന്റെ പുതിയ രാഷ്ട്രീയ മോഹങ്ങളെ പരിഹസിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രംഗത്ത് വന്നിരുന്നു. ധൈര്യമുണ്ടെങ്കില്‍ പട്യാലയില്‍ തനിക്കെതിരെ മത്സരിക്കാന്‍ രംഗത്തുവരണമെന്നാണ് ആവശ്യം. കെട്ടിവെച്ച തുക പോലും തിരിച്ചുകിട്ടാതെ പരാജയപ്പെടുമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. പട്യാലയില്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് നേരത്തെ സിദ്ദു സൂചിപ്പിച്ചിരുന്നു. പട്യാല റൂറലില്‍ സിദ്ദുവിന്റെ പത്നി ഡോ. നവ്ജോത് സിങ് സിദ്ദുവും മത്സരിക്കാനാണ് സാധ്യത.
2019 മുതലാണ് സിദ്ദുവും അമരീന്ദര്‍ സിങ്ങുമായുള്ള പോര് തുടങ്ങുന്നത്. മുഖ്യമന്ത്രിമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സിദ്ദുവിന് പ്രധാനപ്പെട്ട വകുപ്പുകള്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് 2019 ജൂലൈയില്‍ പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് നവജ്യോത് സിങ് സിദ്ദു രാജിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യ നവജ്യോത് കൗറിന് സീറ്റ് നിഷേധിച്ചതും സിദ്ദുവും അമരീന്ദര്‍ സിങും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കാനിടയാക്കിയിരുന്നു. മുന്‍ ക്രിക്കറ്റ് താരം കൂടിയായ സിദ്ദു ബിജെപിയില്‍ നിന്ന് രാജിവെച്ച് 2017-ല്‍ നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഇതിനിടെ സിദ്ദു കോണ്‍ഗ്രസ് വിട്ട് എ.എ.പിയില്‍ ചേരുമെന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി തന്നെയാണ് ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍ സിന്ദു-അമരീന്ദര്‍ പോരില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെടാന്‍ മടിക്കുകയാണ്. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം സിദ്ദുവിനുണ്ടെങ്കിലും കോണ്‍ഗ്രസ് പഞ്ചാബില്‍ അധികാരത്തില്‍ വന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ്. ഇതാണ് കേന്ദ്ര നേതൃത്വം നടപടി എടുക്കാന്‍ മടിക്കുന്നത്.
https://www.facebook.com/Malayalivartha