പിങ്ക് പോലീസിന്റെ സദാചാരപോലിസ് പ്രവര്‍ത്തികള്‍ ഫേസ്ബുക്ക് ലൈവിലൂടെ ആളുകള്‍ കണ്ടറിഞ്ഞു
സദാചാര ഗൂണ്ടായിസ ചര്‍ച്ചകള്‍ സംസ്ഥാനത്ത് പൊടിപൊടിക്കുകയാണ്. പിങ്ക് പൊലീസ് വാലന്റൈന്‍സ് ഡേയില്‍ നടത്തിയ 'സദാചാരക്ലാസുകളും' കേരളം കണ്ടുകഴിഞ്ഞു. അതിനെയും തോല്‍പ്പിക്കുന്ന പ്രകടനമാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് കനകക്കുന്ന് കൊട്ടാരത്തില്‍ നടന്നത്. തോളത്ത് കയ്യിട്ട ചെറുപ്പക്കാരനെയും യുവതിയെയുമാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. പക്ഷെ ഈ സദാചാര പൊലീസിംഗിനെ കുടുക്കിയത് യുവാവിന്റെ ഫെയ്സ്ബുക്ക് ലൈവാണ്. ആയിരക്കണക്കിനാളുകളാണ് പൊലീസിന്റെ ഈ 'സദാചാര സംരക്ഷണം' തത്സമയം കണ്ടത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലെത്തിയ സുഹൃത്തുക്കളായ ആരതിയും അനൂപും തോളില്‍ കയ്യിട്ടിരിക്കുന്നത് കണ്ടാണ് വനിതാ പൊലീസുകാരെത്തിയത്. കല്യാണം കഴിഞ്ഞതാണോ എന്നും ചോദിച്ചെത്തിയ രണ്ട് വനിതാ പൊലീസുകാരാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. അല്ലെന്ന് പറഞ്ഞപ്പോള്‍, അനാശാസ്യക്കാരാണെന്ന് മുദ്ര കുത്താന്‍ ശ്രമിച്ച് സദാചാര പൊലീസിംഗിന് വിധേയരാക്കുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. ഇതിനിടയില്‍ വിഷ്ണു തന്റെ ഫെയ്സ്ബുക്ക് ലൈവ് ഓണാക്കുകായയിരുന്നു. ഇതോടെ പൊലീസുകാരുടെ പ്രകടനം എല്ലാവരും കാണാനാരംഭിച്ചു. ഇതിന് ശേഷം പൊലീസ് ഒന്ന് അടങ്ങി.
സ്റ്റേഷനിലേക്ക് വരണമെന്ന് പറഞ്ഞപ്പോള്‍ എന്ത് വകുപ്പെന്നായി യുവാക്കള്‍ മറുചോദ്യം. ഇതോടെ പുരുഷ പൊലീസുകാരെയും വിളിച്ചുവരുത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. 'ബ്ലഡി റാസ്കലെ'ന്ന് വിളിച്ചാണ് ജീപ്പിലേക്ക് കയറ്റിയതെന്നും ഇവരാരോപിക്കുന്നു. പൊലീസ് തന്നെ എരണം കെട്ടവളെന്ന് വിലിച്ചെന്ന് ആരതി ആരോപിക്കുന്നു. സ്റ്റേഷനിലെത്തിച്ച ശേഷം മോശമായ വാക്കുകളുപയോഗിച്ചു. പെണ്‍കുട്ടിയുടെ അച്ഛനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. വിട്ടയച്ചെങ്കിലും പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇവര്‍ സ്റ്റേഷനില്‍ തുടരുകയാണിപ്പോളും.കനകക്കുന്ന് കൊട്ടാരത്തിലെ പൊലീസ് സദാചാര ഗൂണ്ടായിസത്തിനെതിരെ മുന്‍പും സമാനമായ ആരോപണമുയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ഇത്തരത്തില്‍ വേട്ടയാടുന്ന പൊലീസ് നടപടികള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും നിര്‍ബാധം തുടരുകയാണ്. സദാചാര ഗൂണ്ടായിസത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുള്ള ഡിജിപിയുടെ നിര്‍ദേശത്തിന് തൊട്ടുപിന്നാലെയാണ്, പൊലീസ് തന്നെ നേരിട്ട് ഈ പണിക്കിറങ്ങിയിരിക്കുന്നത്.
ആണ്‍കുട്ടിയും പെണ്‍കുട്ടിയും തോളത്തുകയ്യിട്ടിരുന്നാല് പോലും അനാശാസ്യമെന്ന് മുദ്രകുത്തുന്ന പൊലീസാണ് നമ്മുടെ നാട്ടിലെന്ന് വ്യക്തമാക്കുന്നതായിരുന്നു, വിഷ്ണുവിന്റെ ഫെയ്സ്ബുക്ക് ലൈവ്. നവമാധ്യമങ്ങളുടെ പുത്തന്‍ സങ്കേതങ്ങളുപയോഗിച്ച് സദാചാരപൊലീസിംഗിനെ ചെറുക്കാനായിരുന്നു അവരുടെ ശ്രമം. ഇവരെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിയാളുകളാണ് ഫെയ്സ്ബുക്കില്‍ രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha