ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ 'എവേ ജഴ്‌സിയുടെ അവതാരം' കാത്ത് ആരാധകര്‍

സമൂഹമാധ്യമങ്ങളില്‍, ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ രണ്ടാം ജഴ്‌സിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു. നീല നിറത്തിലുള്ള ജഴ്‌സി മാറ്റി വരും മല്‍സരങ്ങളില്‍ ഇന്ത്യ 'ഓറഞ്ച്' അണിയും. അഫ്ഗാനിസ്ഥാനെതിരെ ശനിയാഴ്ച നടക്കുന്ന മല്‍സരത്തിലായിരിക്കും ഇന്ത്യയുടെ പുതിയ നിറംമാറ്റമെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. എന്നാല്‍ ജൂണ്‍ 30-ന് ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിലായിരിക്കും ഇന്ത്യ ജഴ്‌സി മാറ്റുകയെന്നാണ് ടീമുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ബിസിസിഐയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പുതിയ ജഴ്‌സി തയാറാക്കുന്നത്. ടിവി സംപ്രേഷണമുള്ള എല്ലാ ഐസിസി ടൂര്‍ണമെന്റുകളിലും ആതിഥേയര്‍ ഒഴികെ എല്ലാ ടീമുകള്‍ക്കും രണ്ടാമത്തെ ജഴ്‌സി കൂടി നിര്‍ബന്ധമാക്കി ഐസിസി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. 2019 ലോകകപ്പില്‍ ഇംഗ്ലണ്ട് ഒഴികെയുള്ള എല്ലാ ടീമുകള്‍ക്കും നിര്‍ദേശം ബാധകമാണ്. ഇന്ത്യയൊഴികെയുള്ള മിക്ക ടീമുകളും എവേ ജഴ്‌സി ലോകകപ്പില്‍ അവതരിപ്പിച്ചു കഴിഞ്ഞു.
ദക്ഷിണാഫ്രിക്ക, ബംഗ്ലദേശിനെതിരായ മല്‍സരത്തില്‍ മഞ്ഞ നിറം കൂടിയുള്ള ജഴ്‌സിയണിഞ്ഞാണ് കളിച്ചത്. അതേസമയം നീലയും ചുവപ്പും നിറങ്ങള്‍ ചേര്‍ന്ന എവേ ജഴ്‌സിയാണ് ബംഗ്ലദേശിന്റേത്. ഹോളിവുഡ് സിനിമകളിലെ സ്‌പൈഡര്‍മാന്റെ വസ്ത്രവുമായി ഇതിനു സാമ്യമുണ്ടെന്ന് പിന്നാലെ താരതമ്യവുമുണ്ടായി. അഫ്ഗാനിസ്ഥാനും എവേ ജഴ്‌സി പുറത്തിറക്കി.
സമാനമായ ജഴ്‌സി മറ്റു ടീമുകള്‍ക്ക് ഇല്ലാത്തതിനാല്‍ എവേ ജഴ്‌സികള്‍ പുറത്തിറക്കേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യയ്ക്കു പുറമേ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്‍ഡ് ടീമുകളുടെ നിലപാട്. ഇന്ത്യ പുതിയ ജഴ്‌സി പുറത്തിറക്കിയിട്ടില്ലെങ്കിലും 'സാധ്യതാ' ജഴ്‌സികള്‍ ഫോട്ടോഷോപ് ചെയ്ത് സമൂഹമാധ്യങ്ങളില്‍ ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. സ്‌പോര്‍ട്‌സ് വസ്ത്ര നിര്‍മാതാക്കളായ നൈക്കിയുടെ വക്താവും വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.
https://www.facebook.com/Malayalivartha