ഐ പി എല്‍: ആവേശപ്പോരാട്ടത്തില്‍ അവസാന ഓവറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈയെ തോല്‍പ്പിച്ചു

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈയെ തോല്‍പ്പിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക്, നിശ്ചിത 20 ഓവറില്‍ നേടാനായത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ്. തോല്‍വി ഏഴു റണ്‍സിന്. അവസാന ഓവറില്‍ ക്രീസിലുണ്ടായിരുന്ന ധോണി 36 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 47 റണ്‍സുമായി പുറത്താകാതെ നിന്നു. സീസണിലെ നാലു മത്സരങ്ങളില്‍ ചെന്നൈയുടെ മൂന്നാം തോല്‍വിയാണിത്. ഇതോടെ പോയിന്റ് പട്ടികയില്‍ ധോണിയും സംഘവും അവസാന സ്ഥാനത്ത് തുടരുന്നു.
ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന യുവതാരം പ്രിയം ഗാര്‍ഗിന്റെ മികവിലാണ് ഹൈദരാബാദ് പൊരുതാവുന്ന സ്‌കോറിലേക്കെത്തിയത്. സണ്‍റൈസേഴ്‌സിന്റെ തുടക്കം വിക്കറ്റു വീഴ്ചയോടെയായിരുന്നു. മൂന്ന് പന്തുകള്‍ നേരിട്ട ജോണി ബെയര്‍സ്റ്റോ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ദീപക് ചാഹറിന്റെ പന്തില്‍ താരം ബൗള്‍ഡാകുകയായിരുന്നു. പിന്നാലെയെത്തിയ മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് ഡേവിഡ് വാര്‍ണര്‍ ഹൈദരാബാദ് സ്‌കോര്‍ ഉയര്‍ത്തി. 47 റണ്‍സില്‍ നില്‍ക്കെ ഹൈദരാബാദിന്റെ രണ്ടാം വിക്കറ്റ് വീണു. ഷാര്‍ദൂല്‍ താക്കൂറിന്റെ പന്തില്‍ സാം കറന്‍ ക്യാച്ചെടുത്ത് മനീഷ് പാണ്ഡെയെ പുറത്താക്കി. 21 പന്തില്‍ 29 റണ്‍സെടുത്താണു പാണ്ഡെ മടങ്ങിയത്.
കെയ്ന്‍ വില്യംസനും തൊട്ടടുത്ത പന്തില്‍ തന്നെ റണ്ണൗട്ടായി. ഇതോടെ റണ്ണുയര്‍ത്തുകയെന്ന ചുമതല യുവതാരങ്ങളായ പ്രിയം ഗാര്‍ഗും അഭിഷേക് ശര്‍മയും ഏറ്റെടുത്തു. ഇരുവരും ചേര്‍ന്ന് ഹൈദരാബാദ് സ്‌കോര്‍ 100 കടത്തി. 26 പന്തുകള്‍ നേരിട്ട പ്രിയം ഗാര്‍ഗ് 51 റണ്‍സെടുത്തു. ഗാര്‍ഗിന്റെ ആദ്യ ഐപിഎല്‍ അര്‍ധ സെഞ്ചുറിയാണിത്. മധ്യനിരയില്‍ അഭിഷേക് ശര്‍മയും (24 പന്തില്‍ 31) തിളങ്ങി. 15 ഓവറുകളില്‍നിന്നാണ് ഹൈദരാബാദ് നൂറ് റണ്‍സ് തികച്ചത്. സ്‌കോര്‍ 146-ല്‍ നില്‍ക്കെ ഈ കൂട്ടുകെട്ട് ചെന്നൈ പൊളിച്ചു. അഭിഷേക് ശര്‍മയെ ദീപക് ചാഹറിന്റെ പന്തില്‍ ധോണി ക്യാച്ചെടുത്തു പുറത്താക്കി. 24 പന്തില്‍ 31 റണ്‍സാണു താരം നേടിയത്. 23 പന്തില്‍ 50 റണ്‍സെടുത്ത് 19 വയസ്സുകാരന്‍ പ്രിയം ഗാര്‍ഗ് അര്‍ധ സെഞ്ചുറി തികച്ചു. ഒരു സിക്‌സും ആറു ഫോറുമാണ് താരം അടിച്ചെടുത്തത്. ആറു പന്തുകള്‍ നേരിട്ട് എട്ട് റണ്‍സെടുത്ത അബ്ദുല്‍ സമദും ഹൈദരാബാദ് നിരയില്‍ പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി ദീപക് ചാഹര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഷാര്‍ദൂല്‍ താക്കൂര്‍, പീയുഷ് ചൗള എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ, 42 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടമാക്കിയ ചെന്നൈയെ, അഞ്ചാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ജഡേജ-ധോണി സഖ്യം കരകയറ്റിയത്. 52 പന്തിലാണ് ഇരുവരും ചേര്‍ന്ന് 72 റണ്‍സ് അടിച്ചത്. 35 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്‌സും സഹിതം ജഡേജ 50 റണ്‍സെടുത്തു. ഓപ്പണറായിറങ്ങിയ ഡുപ്ലെസി 19 പന്തില്‍ 22 റണ്‍സെടുത്തു. സാം കറന്‍ അഞ്ച് പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു. അതേസമയം ഷെയ്ന്‍ വാട്‌സന്‍ (ഒന്ന്), കേദാര്‍ ജാദവ് (മൂന്ന്) എന്നിവരും പരുക്കുമാറി തിരിച്ചെത്തിയ അമ്പാട്ടി റായുഡുവും (എട്ട്) നിരാശപ്പെടുത്തി. സണ്‍റൈസേഴ്‌സിനായി നടരാജന്‍ രണ്ടും ഭുവനേശ്വര്‍ കുമാര്‍, അബ്ദുല്‍ സമദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എന്ന നിലയിലായിരുന്നു ചെന്നൈ. വിജയത്തിലേക്ക് വേണ്ടിയിരുന്നത് ആറു പന്തില്‍ 28 റണ്‍സ്. പുതുമുഖ സ്പിന്നറായ അബ്ദുല്‍ സമദാണ് അവസാന ഓവര്‍ ബോള്‍ ചെയ്യാനെത്തിയത്. ആദ്യ പന്ത് വൈഡായെന്നു മാത്രമല്ല, നേരെ ബൗണ്ടറികൂടി കടന്നതോടെ ലഭിച്ച അഞ്ച് റണ്‍സ് ചെന്നൈ ആരാധകരുടെ വിജയപ്രതീക്ഷകള്‍ ആളിക്കത്തിച്ചതാണ്. ഇതോടെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് ആറു പന്തില്‍ 23 റണ്‍സ്. ക്രീസില്‍ 32 പന്തില്‍ 39 റണ്‍സുമായി ധോണി. മൂന്നു പന്തില്‍ എട്ടു റണ്‍സുമായി സാം കറന്‍ കൂട്ടിന്. എന്നാല്‍, ക്രീസില്‍ ആ പഴയ ധോണിയായിരുന്നില്ല. അവസാന ഓവറിലെ നാലു പന്തുകള്‍ നേരിട്ട ധോണിക്ക് ആകെ നേടാനായത് ഒരു ഫോര്‍ സഹിതം എട്ടു റണ്‍സ് മാത്രം. അവസാന പന്ത് സിക്‌സര്‍ പറത്തിയ സാം കറനാണ് പരാജയഭാരം ഏഴു റണ്‍സായി കുറച്ചത്.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടം ഈ മത്സരത്തോടെ എം.എസ്.ധോണിയുടെ പേരിലായി. ഇന്നത്തേതുള്‍പ്പെടെ 194 മത്സരങ്ങളാണ് ധോണി ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha