അവസാനനിമിഷം വരെ പൊരുതി കീഴടങ്ങി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സ് ജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 18 റണ്‍സ് ജയം. റെക്കോഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത അവസാനനിമിഷം വരെ പൊരുതിയാണ് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും പൃഥ്വിഷായുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സാണ് നേടിയത്. ഈ സീസണില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ സ്‌കോര്‍ ആണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ..
38 പന്തുകളില്‍ നിന്നും 88 റണ്‍സെടുത്ത ശ്രേയസ്സ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഈ സീസണിലെ ഒരു ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന റണ്‍സും ശ്രേയസ് ഈ മത്സരത്തിലൂടെ സ്വന്തമാക്കി. 66 റണ്‍സെടുത്ത് പൃഥ്വി ഷായും 38 റണ്‍സെടുത്ത് ഋഷഭ് പന്തും അയ്യര്‍ക്ക് മികച്ച പിന്തുണയേകി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി ഓപ്പണര്‍മാരായ പൃഥി ഷായും ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് ആദ്യ വിക്കറ്റില്‍ നല്‍കിയത്.
കൊല്‍ക്കത്ത ബൗളര്‍മാരെ നന്നായി പ്രഹരിച്ച് മുന്നേറുകയായിരുന്ന ഡല്‍ഹിയ്ക്ക് എന്നാല്‍ സ്‌കോര്‍ 56ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ശിഖര്‍ ധവാനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. 26 റണ്‍സാണ് ധവാന്‍ നേടിയത്.പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ഡല്‍ഹി സ്‌കോര്‍ബോര്‍ഡ് കുതിച്ചു.
41 പന്തുകളില്‍ നിന്നും 66 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ഇരുവരും ചേര്‍ന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കഴിഞ്ഞ മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ശിവം മാവിയും നരെയ്‌നും കമ്മിന്‍സുമെല്ലാം ഇത്തവണ നന്നായി റണ്‍സ് വഴങ്ങി. ഋഷഭ് പന്തും ശ്രേയസ്സും ചേര്‍ന്ന് അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. അതിനിടയില്‍ ശ്രേയസ്സ് അയ്യര്‍ 26 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി നേടി. അര്‍ധസഞ്ചുറിയ്ക്ക് ശേഷം സ്‌കോറിങ് വേഗം കൂട്ടിയ അയ്യര്‍ ഈ സീസണിലെ വിലകൂടിയ താരമായ ഓസ്‌ട്രേലിയന്‍ ബൗളര്‍ പാറ്റ് കമ്മിന്‍സനെയടക്കം പ്രഹരിച്ചു. ഋഷഭ് പന്തും ആക്രമിച്ച് കളിച്ചതോടെ ഡല്‍ഹി സ്‌കോര്‍ 200 കടന്നു. ഇരുവരും ചേര്‍ന്ന് 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. പിന്നാലെ 17 പന്തുകളില്‍ നിന്നും 38 റണ്‍സെടുത്ത ഋഷഭ് പന്ത് പുറത്തായി.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍ സുനില്‍ നരെയ്‌നിനെ ആദ്യം നഷ്ടപ്പെട്ടെങ്കിലും പിന്നീട് ക്രീസിലെത്തിയ നിതീഷ് റാണയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും രണ്ടാം വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് അമിത് മിശ്ര കളി ഡല്‍ഹിയ്ക്ക് അനുകൂലമാക്കി. 22 പന്തില്‍ നിന്നും 28 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെയാണ് മിശ്ര പുറത്താക്കിയത്. പിന്നാലെയെത്തിയ റസ്സല്‍ അടിച്ചു തകര്‍ത്തെങ്കിലും അനാവശ്യ ഷോട്ടിന് ശ്രമിച്ച് റബാദയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. എന്നാല്‍ ഒരറ്റത്ത് നിതീഷ് റാണ പിടിച്ചുനിന്നു. 35 പന്തില്‍ നിന്നും 58 റണ്‍സെടുത്ത റാണയെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിനെയും ഹര്‍ഷല്‍ മടക്കി. തുടര്‍ച്ചയായ നാലാം മത്സരത്തിലും തിളങ്ങാനാകാതെ കാര്‍ത്തിക്ക് ക്രീസ് വിട്ടു.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലായി. എന്നാല്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഒയിന്‍ മോര്‍ഗനും രാഹുല്‍ ത്രിപാഠിയും അവസാന ഓവറുകളില്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇരുവരും ചേര്‍ന്ന് എഴാം വിക്കറ്റില്‍ 78 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 18 ബോളില്‍ നിന്നും 44 റണ്‍സ് നേടി മോര്‍ഗനും 16 പന്തുകളില്‍ നിന്നും 36 റണ്‍സ് നേടി ത്രിപാഠിയും ഡല്‍ഹിയെ വിറപ്പിച്ച് കീഴടങ്ങി. ലോകോത്തര ബൗളറായ റബാദയുടെ ഓവറില്‍ മോര്‍ഗന്‍ ഹാട്രിക്ക് സിക്‌സ് നേടി.
https://www.facebook.com/Malayalivartha